താമസ നിയമലംഘകരെ കണ്ടെത്താന്‍ കുവൈത്തില്‍ കര്‍ശന പരിശോധന
ഇന്ന് രാവിലെ നടന്ന പരിശോധനയില്‍ 308 വിദേശികള്‍ അറസ്റ്റിലായി
കുവൈത്തില്‍ താമസ നിയമലംഘകരെ കണ്ടെത്താന്‍ പരിശോധന കര്‍ശനമാക്കി ആഭ്യന്തരമന്ത്രാലയം. ഇന്ന് രാവിലെ മഹബൂലയില്‍ നടന്ന പരിശോധനയില്‍ 308 വിദേശികള്‍ അറസ്റ്റിലായി. ആഭ്യന്തര മന്ത്രാലയത്തിലെ പൊതു സുരക്ഷാകാര്യ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഫര്‍റാജ് അല്‍ സൗബിയാണ് പരിശോധനാ കാമ്പയിന് നേതൃത്വം നല്‍കിയത്.
ഒരാഴ്ചയായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിദേശികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് പരിശോധന സജീവമാക്കിയത്. ജലീബ് അല്‍ ശുയൂഖ്, ഫര്‍വാനിയ, ഖൈത്താന്‍, അന്‍ദലൂസ്, റാബിയ, അര്‍ദിയ വ്യവസായ മേഖല, ഫ്രൈഡേ മാര്‍ക്കറ്റ്, ജാബിര്‍ അഹ്മദ് ഭാഗം എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധന നടന്നത്.
റോഡുകളുടെ പ്രവേശന കവാടങ്ങളില്‍ ചെക്‌പോയിന്റുകള്‍ തീര്‍ത്താണ് രേഖകള്‍ പരിശോധിക്കുന്നത്. ജലീബ് അല്‍ ശുയൂഖിലെ പരിശോധനയ്ക്ക് ആഭ്യന്തര മന്ത്രി ശൈഖ് അഹ്മദ് നവാഫ് അല്‍ അഹ്മദ് അസ്സബാഹിന്റെ നേരിട്ടുള്ള നിര്‍ദേശവും മേല്‍നോട്ടവും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.
നിരവധി തവണ പൊതുമാപ്പ് ഉള്‍പ്പെടെ അവസരങ്ങള്‍ നല്‍കിയിട്ടും പ്രയോജനപ്പെടുത്താത്ത അനധികൃത താമസക്കാരെ പിടികൂടി നാടുകടത്താനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചതു ചൂണ്ടിക്കാട്ടി ജലീബ് അല്‍ ശുയൂഖിലേക്ക് പ്രവേശിക്കരുതെന്ന് അമേരിക്കന്‍ എംബസി തങ്ങളുടെ പൗരന്മാര്‍ക്ക് കഴിഞ്ഞ ആഴ്ച നിര്‍ദേശം നല്‍കിയിരുന്നു. ഒന്നര ലക്ഷത്തിലേറെ അനധികൃത താമസക്കാര്‍ രാജ്യത്തുണ്ടെന്നാണ് താമസകാര്യ വിഭാഗത്തില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്.