കുവൈത്തില്‍ അനിയന്ത്രിതമായി ടാക്സികള്‍ അനുവദിക്കുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുന്നതായി അധികൃതര്‍
ഗതാഗതക്കുരുക്കിന് പരിഹാരമായി പൊതു ഗതാഗത സംവിധാനം വർധിപ്പിക്കുവാനുള്ള നിര്‍ദ്ദേശവും മന്ത്രാലയം പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്
കുവൈത്തില്‍ അനിയന്ത്രിതമായി ടാക്സികള്‍ അനുവദിക്കുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുന്നതായി അധികൃതര്‍. കനത്ത ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനായി പൊതു ഗതാഗത സംവിധാനം വർധിപ്പിക്കണമെന്ന നിര്‍ദ്ദേശം വീണ്ടും പരിഗണിക്കുകയാണ്.
രാജ്യത്ത് നിലവില്‍ പത്തായിരത്തിലേറെ ടാക്‌സികളാണ് ഓടുന്നത്. എന്നാല്‍ തിരക്ക് കൂടുന്ന സമയത്ത് കൂടുതല്‍ ടാക്സികള്‍ നിരത്തില്‍ വർധിക്കുന്നത് ട്രാഫിക് കുരുക്കിന് കാരണമാകുന്നതായി അധികൃതര്‍ ചൂണ്ടിക്കാട്ടി . രാജ്യത്തെ ടാക്സികളുടെ വർധനവ് ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹിന്റെ നേതൃത്വത്തില്‍ ചേരുന്ന സുപ്രീം കമ്മിറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് പ്രാദേശിക മാധ്യമമായ അൽ-ജരിദ റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ ടാക്സി വ്യവസായത്തിന്റെ സംഭാവന കുറവാണ്. കാലോചിതമായ മാറ്റങ്ങള്‍ വരുത്തുവാന്‍ ടാക്‌സി കമ്പനികള്‍ വിമുഖത പുലര്‍ത്തുന്നത് രാജ്യത്ത് സുരക്ഷാ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നതായി അധികൃതര്‍ പറഞ്ഞു. മേഖലയിലെ മറ്റ് രാജ്യങ്ങളിലെ പോലെ ടാക്സി കമ്പനികൾക്കായി പൊതു ലേലം നടത്താവാനും അധികൃതര്‍ ആലോചിക്കുന്നുണ്ട്. അതിനിടെ ഗതാഗതക്കുരുക്കിന് പരിഹാരമായി പൊതു ഗതാഗത സംവിധാനം വര്‍ദ്ധിപ്പിക്കുവാനുള്ള നിര്‍ദ്ദേശവും മന്ത്രാലയം പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
നിലവില്‍ പ്രവാസികളാണ് ബസ് ഗതാഗതം ഏറെ ആശ്രയിക്കുന്നത്. പ്രവാസികൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിലെ ബസ് സ്റ്റേഷനുകളും റൂട്ടുകളും മെച്ചപ്പെടുത്തന്നതോടെ കൂടുതല്‍ പേരെ പൊതു ഗതാഗത സംവിധാനത്തിലേക്ക് ആകര്‍ഷിക്കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷ