മരുഭൂമിയില്‍ കാട് തീർക്കാനൊരുങ്ങി കുവൈത്ത്; വനവല്‍ക്കരണ പദ്ധതിക്ക് തുടക്കമായി
കുവൈത്തിലെ ആദ്യ വനവല്‍ക്കരണ പദ്ധതിയുടെ ഉദ്ഘാടനം അല്‍ ഖൈറാന്‍ മേഖലയില്‍ നടന്നു. മരുഭൂവല്‍ക്കരണം തടയാനും രാജ്യത്തെ സസ്യസമ്പത്ത് വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതിയിലൂടെ, വിവിധ ഉള്‍നാടന്‍ പ്രദേശങ്ങളെ ശക്തമായ പൊടിക്കാറ്റില്‍ നിന്ന് സംരക്ഷിക്കാനും രാജ്യത്തെ ഭക്ഷ്യസുരക്ഷ വര്‍ധിപ്പിക്കാനും സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
ആരോഗ്യ-വിദ്യാഭ്യാസമേഖലയെപ്പോലെ തന്നെ രാജ്യത്തിന് പ്രധാനപ്പെട്ടതാണ് ഭക്ഷ്യ സുരക്ഷയെന്നും അതിന് സഹായകരമാകുന്നതായിരിക്കും ഈ വനവല്‍ക്കരണമെന്നും കുവൈത്ത് ഫോറസ്റ്റ് പ്രോഗ്രാം കോഡിനേറ്റര്‍ ഡോ. ഈസ അല്‍ ഇസ്സ പറഞ്ഞു.
തുടക്കത്തില്‍ ഹരിതവല്‍ക്കരണ പദ്ധതിയാണ് നടപ്പിലാക്കുന്നത്. ഭാവിയില്‍ ഈ മരുഭൂപ്രദേശം കൃഷിയോഗ്യമായ മണ്ണാക്കി മാറ്റിയ ശേഷം കൃഷിയിറക്കി ഭക്ഷ്യോല്‍പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ വേനല്‍ക്കാല കാലാവസ്ഥയെ പ്രതിരോധിക്കാന്‍ കഴിയുന്ന തരത്തിലുള്ള ചെടികളും മരങ്ങളുമാണ് കൃഷിയുടെ ആദ്യ ഘട്ടമായി നട്ടുവളര്‍ത്തുക. മൂന്നോ അഞ്ചോ വര്‍ഷങ്ങള്‍ക്കു ശേഷം, മണ്ണില്‍ നൈട്രജന്റെ സാനിധ്യം ഉറപ്പാക്കിയ ശേഷം കൃഷി വ്യാപിപ്പിക്കാനാണ് പദ്ധതി.