കോവിഡ് നിയന്ത്രണം മൂലം നാട്ടിൽ കുടുങ്ങിയ പ്രവാസികളുടെ വിവരം കുവൈത്ത് ഇന്ത്യൻ എംബസി ശേഖരിക്കുന്നു

എംബസി വെബ്‌സൈറ്റിൽ നൽകിയ ഗൂഗിൾ ഫോമിൽ വിവരങ്ങൾ നൽകാം

Update: 2021-06-22 17:54 GMT
Editor : ijas
Advertising

കുവൈത്തിലെ ഇന്ത്യൻ എംബസി, കോവിഡ് നിയന്ത്രണം മൂലം നാട്ടിൽ കുടുങ്ങിയ പ്രവാസികളുടെ വിവരം ശേഖരിക്കുന്നു. വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ സംബന്ധിച്ചും ആരോഗ്യ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത് അംഗീകാരം വാങ്ങുന്നത് സംബന്ധിച്ചും പ്രവാസികൾക്കിടയിൽ ആശയക്കുഴപ്പം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് എംബസി വിവരശേഖരണം നടത്തുന്നത്.

വാക്സിനേഷൻ കോഴ്സ് പൂർത്തിയാക്കിയ വിദേശികൾക്ക് ഓഗസ്റ്റ് ഒന്ന് മുതൽ പ്രവേശനം അനുവദിക്കുമെന്ന് കുവൈത്ത് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും വാക്സിനേഷൻ സംബന്ധിച്ച നിരവധി ആശങ്കകൾ നാട്ടിലുള്ള പ്രവാസികൾക്കുണ്ട്. നാട്ടിൽ എടുത്ത വാക്സിൻ കുവൈത്ത് അംഗീകരിക്കുമോ എന്നതാണ് പ്രധാന ആശങ്ക. കുവൈത്ത് അംഗീകരിച്ച ആസ്ട്ര സെനക്ക തന്നെയാണ് കോവിഷീൽഡ് എന്ന പേരിൽ നാട്ടിൽ നൽകുന്നത്. എന്നാൽ കോവാക്സിൻ കുവൈത്ത് അംഗീകരിച്ചിട്ടില്ല. ഇത്തരം ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് എംബസി നാട്ടിൽ കുടുങ്ങിയവരുടെ വിവരം ശേഖരിക്കുന്നത്.

എംബസി വെബ്‌സൈറ്റിൽ നൽകിയ ഗൂഗിൾ ഫോമിൽ വിവരങ്ങൾ നൽകാം. പേര്, പാസ്പോർട്ട് നമ്പർ, ഇമെയിൽ വിലാസം, ഫോൺനമ്പർ, പ്രായം , സംസ്ഥാനം, തിരിച്ചുവരവിന് യാത്ര ഉദ്ദേശിക്കുന്ന ഇന്ത്യയിലെ വിമാനത്താവളം, ഇഖാമ വിവരങ്ങൾ, വാക്സിനേഷൻ വിവരങ്ങൾ, വാക്സിനേഷൻ സർട്ടിഫിക്കറ്റ് കുവൈത്ത് ആരോഗ്യ മന്ത്രാലയം വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തോ, രജിസ്ട്രേഷനിൽ എന്തെങ്കിലും പ്രശ്നമുണ്ടോ, ഏത് വാക്സിനാണ് എടുത്തത്, വാക്സിനേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചോ, സർട്ടിഫിക്കറ്റിൽ പാസ്പോർട്ട് വിവരം ഉൾപ്പെടുത്തിയോ, ബാച്ച് നമ്പറും തീയതിയും ഉൾപ്പെടുത്തിയോ, കോവിഷീൽഡ് എടുത്തവരുടെ സർട്ടിഫിക്കറ്റിൽ ഓക്സ്ഫോര്‍ഡ് ആസ്ട്രസെനക്ക എന്ന് രേഖപ്പെടുത്തിയിട്ടുണ്ടോ, മറ്റെന്തെങ്കിലും അന്വേഷിക്കാനുണ്ടോ എന്നിവയാണ് എംബസി ഗൂഗിൾ ഫോമിലൂടെ ചോദിക്കുന്നത്. കുവൈത്ത് അധികൃതരുമായുള്ള ആശയവിനിമയത്തിന് കൃത്യമായ വിവരം ലഭിക്കുന്നതിന് വേണ്ടിയാണ് റജിസ്ട്രേഷൻ ഡ്രൈവ് എന്ന് എംബസി വാർത്താകുറിപ്പിൽ അറിയിച്ചു.

Tags:    

Editor - ijas

contributor

Similar News