പൊതുമാപ്പിൻറെ കാലാവധി നീട്ടില്ലെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു

പൊതുമാപ്പ് അവസാനിക്കാൻ ഇനി 14 ദിവസം മാത്രമാണുള്ളത്

Update: 2024-06-03 14:00 GMT
Advertising

കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രഖ്യാപിച്ച പൊതുമാപ്പിൻറെ കാലാവധി നീട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം. പൊതുമാപ്പ് അവസാനിക്കാൻ 14 ദിവസം മാത്രമാണുള്ളത്. ആനുകൂല്യം ഉപയോഗിക്കാതെ രാജ്യത്ത് തുടരുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

രാജ്യത്ത് താമസിക്കുന്ന താമസ നിയമ ലംഘകർക്ക് ശിക്ഷ കൂടാതെ രാജ്യം വിടാനോ ഫൈൻ അടച്ച് താമസം നിയമവിധേയമാക്കാനോ അവസരമൊരുക്കിയാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. മാർച്ച് 17 മുതൽ ആരംഭിച്ച മൂന്ന് മാസത്തെ സമയപരിധി ജൂൺ 17ന് അവസാനിക്കും. ഇന്ത്യക്കാരടക്കം ആയിരക്കണക്കിന് അനധികൃത താമസക്കാർ ഈ കാലയളവിൽ പിഴയൊടുക്കാതെ രാജ്യം വിട്ടു.

താമസരേഖകൾ ശരിയാക്കി രാജ്യത്ത് തുടരുന്നവരും ഏറെയാണ്. പൊതുമാപ്പ് കാലാവധിക്കുശേഷവും താമസരേഖകൾ ശരിയാക്കാതെ രാജ്യത്ത് കഴിയുന്നവർക്ക് കനത്ത പിഴയും മറ്റു നിയമനടപടികളും നേരിടേണ്ടിവരും. വർഷങ്ങൾക്ക് ശേഷമാണ് കുവൈത്തിൽ പൊതുമാപ്പ് പ്രഖ്യാപിച്ചത്. പൊതുമാപ്പുമായി ബന്ധപ്പെട്ട് ഇന്ത്യക്കാർക്കായി, ഇന്ത്യൻ എംബസ്സി നേരത്തെ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. പ്രവാസി സംഘടനകളും പൊതുമാപ്പിന് ആവശ്യമായ സഹായങ്ങളുമായി മുന്നോട്ട് വന്നിട്ടുണ്ട്.

സാമ്പത്തിക കേസുകളിൽപെട്ട് യാത്രാ വിലക്കു നേരിടുന്നവർക്ക് കേസിൽ തീർപ്പുണ്ടായാൽ മാത്രമേ പൊതുമാപ്പ് പ്രയോജനപ്പെടുത്താനാകൂ. രാജ്യത്ത് നിലവിൽ ഒരു ലക്ഷത്തിലേറെ അനധികൃത താമസക്കാരുണ്ടെന്നാണ് കണക്ക്. വർഷങ്ങളായി നിയമലംഘകരായി കഴിയുന്ന ഇന്ത്യാക്കാർ ഉൾപ്പെടെ ഒട്ടേറെ പ്രവാസികൾക്ക് പൊതുമാപ്പ് തീരുമാനം ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News