കുവൈത്ത് സർക്കാർ പങ്കെടുത്തില്ല; പാർലിമെന്റ് സമ്മേളനം വീണ്ടും മാറ്റി
സഭ നടപടികൾ ആരംഭിച്ചതിന് പിറകെ സ്പീക്കർ അഹ്‌മദ് അൽ സദൂൻ സമ്മേളനം നിർത്തിവച്ചതായി അറിയിക്കുകയായിരുന്നു
അംഗങ്ങളുടെ ക്വാറം തികയാത്തതിനാലും സർക്കാർ പ്രതിനിധികൾ ഹാജരാകാതയുമായതോടെ കുവൈത്ത് പാർലിമെന്റ് സമ്മേളനം വീണ്ടും മാറ്റി വെച്ചു. സഭ നടപടികൾ ആരംഭിച്ചതിന് പിറകെ സ്പീക്കർ അഹ്‌മദ് അൽ സദൂൻ സമ്മേളനം നിർത്തിവച്ചതായി അറിയിക്കുകയായിരുന്നു. മാർച്ച് ഏഴ്, എട്ട് തിയതികളിൽ ദേശീയ അസംബ്ലി സമ്മേളിക്കുമെന്ന് സ്പീക്കർ അഹ്‌മദ് അൽ സദൂൻ അറിയിച്ചു.
ജനുവരി 26 ന് സർക്കാരിന്റെ രാജി സ്വീകരിച്ച അമീരി ഉത്തരവിന്റെ പശ്ചാത്തലത്തിൽ സർക്കാർ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. സർക്കാറിന്റെ രാജിപ്രഖ്യാപനം വന്നതിന് ശേഷം ഇത് മൂന്നാം തവണയാണ് പാർലിമെന്റ് സമ്മേളനം മാറ്റിവെക്കുന്നത്. പ്രധാന മന്ത്രി ശൈഖ് അഹ്‌മദ് നവാഫ് അൽ അഹ്‌മദ് അസ്സബാഹ്, മന്ത്രിസഭയുടെ രാജി പ്രഖ്യാപിച്ചതിന് പിറകെയാണ് നേരത്തെയുള്ള ദേശീയ അസംബ്ലി സമ്മേളനങ്ങളിൽ നിന്നും സർക്കാർ പിൻമാറിയത്. എം.പിമാരുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് സർക്കാർ രാജിവെച്ചത് . രാജി സ്വീകരിച്ച അമീർ ശൈഖ് നവാഫ് അൽ അഹ്‌മദ് അൽ ജാബിർ അസ്സബാഹ് നിലവിലെ സർക്കാറിനോട് താൽകാലിക ചുമതല തുടരാൻ ആവശ്യപ്പെടുകയായിരുന്നു.