കുവൈത്തില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു; പാര്‍ലമെന്റ് സമ്മേളനം നിർത്തിവച്ചു
മന്ത്രിമാര്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ ദേശീയ അസംബ്ലിയില്‍ കുറ്റവിചാരണ പ്രമേയം അവതരിപ്പിക്കാനിരിക്കെയാണ് മന്ത്രിസഭ രാജിവെച്ചത്
പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് മന്ത്രിസഭയുടെ രാജിപ്രഖ്യാപിച്ചതോടെ രാജ്യത്ത് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് തുടക്കമായി. മന്ത്രിസഭയുടെ രാജിയിൽ നിന്ന് പിറകോട്ടില്ലെന്ന നിലപാടിലാണ് പ്രധാനമന്ത്രി. ചൊവ്വാഴ്ച കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിനെ കണ്ട പ്രധാനമന്ത്രി രാജികത്ത് നേരിട്ടു കൈമാറി.
രാജി വിഷയത്തിൽ ഒദ്യോഗിക പ്രതികരണങ്ങൾ വന്നിട്ടില്ല. അമീര്‍ രാജി അംഗീകരിക്കുന്ന പക്ഷം പുതിയ സർക്കാറിന് രൂപം നൽകേണ്ടിവരും.അതിനിടെ, ദേശീയ അസംബ്ലിയുടെ പതിവ് സമ്മേളനം സ്പീക്കർ അഹമ്മദ് അൽ സദൂൻ ചൊവ്വാഴ്ച നിർത്തിവച്ചു. രണ്ട് വർഷത്തിനിടെ രാജിവയ്ക്കുന്ന അഞ്ചാമത്തെ മന്ത്രിസഭയാണിത്. സമ്മേളനത്തിൽ സർക്കാർ ഭാഗത്തുനിന്ന് ആരും പങ്കെടുത്തിരുന്നില്ല. സെഷനിൽ പങ്കെടുക്കാത്തതിനെ കുറിച്ച് സർക്കാർ തന്നെ അറിയിച്ചിട്ടില്ലെന്ന് സ്പീക്കർ പാര്‍ലിമെന്റില്‍ നടത്തിയ പ്രസംഗത്തിൽ സൂചിപ്പിച്ചു.