കുടിശ്ശിക ബാക്കിയാക്കി നാട്ടിലേക്ക് പോകുന്ന പ്രവാസികള്‍ക്ക് യാത്രാനിയന്ത്രണം

Update: 2023-08-25 20:16 GMT
Advertising

കുടിശ്ശിക ബാക്കിയാക്കി കുവൈത്തില്‍ നിന്നും നാട്ടിലേക്ക് പോകുന്ന പ്രവാസികള്‍ക്ക് യാത്ര നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി വിവിധ സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍.

രാജ്യത്തിന് പുറത്തേക്ക് പോകുന്നതിന് മുമ്പായി പ്രവാസികളും, ഗൾഫ് പൗരന്മാരും ടെലിഫോൺ ബില്‍ കുടിശ്ശിക അടച്ച് തീര്‍ക്കണമെന്ന് കമ്മ്യൂണിക്കേഷൻ മന്ത്രാലയം അറിയിച്ചു.

നേരത്തെ ആഭ്യന്തര മന്ത്രാലയവും വൈദ്യതി-ജല മന്ത്രാലയവും സമാനമായ രീതിയില്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതോടെ കുടിശ്ശിക ബാക്കിയുള്ള പ്രവാസികള്‍ക്ക് അത് അടച്ചു തീർക്കാതെ രാജ്യം വിടാനാകില്ല. ഇത് സംബന്ധമായി ആഭ്യന്തര-നീതിന്യായ മന്ത്രലായങ്ങളിലെ അണ്ടർസെക്രട്ടറിയുമായി കമ്മ്യൂണിക്കേഷൻ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. അഹമ്മദ് അൽ മാജ്രൻ ചര്‍ച്ചകള്‍ നടത്തിയതായി പ്രാദേശിക മാധ്യമമായ അൽജരിദ റിപ്പോർട്ട് ചെയ്തു.

ഏക ജാലക സംവിധാനത്തില്‍ പിഴകള്‍ ഈടാക്കുന്നതിനായി മന്ത്രാലയങ്ങൾക്കിടയിൽ ഇലക്ട്രോണിക് ഇന്റർഫേസിനുള്ള സംവിധാനം ഉടന്‍ നടപ്പിലാക്കുമെന്നും സൂചനയുണ്ട്. നിലവില്‍ കുടിശ്ശിക, സർക്കാർ ഇലക്‌ട്രോണിക് സേവനങ്ങൾ വഴിയും,പ്രാദേശിക ഓഫീസുകള്‍ വഴിയും, വിമാനത്താവളത്തിലും ബോര്‍ഡര്‍ ക്രോസിംഗുകളിലും സ്ഥാപിച്ചിരിക്കുന്ന പേയ്മെന്റ്റ്‌ ഓഫീസുകള്‍ വഴിയും അടക്കാം.

സാമ്പത്തിക നഷ്ടം തടയുന്നതിനും കടങ്ങൾ തിരിച്ചുപിടിക്കുന്നതിന്‍റെയും ഭാഗമായാണ് നടപടി. വിവിധ കേസുകളിൽ ഉൾപ്പെടുന്നവർക്ക് നിയമ പ്രശ്നം കാരണം നേരത്തെ മുതൽ യാത്രാ വിലക്ക് ഏർപ്പെടുത്തി വരുന്നുണ്ട്. ഇതിന് പുറമെയാണ് വിവിധ മന്ത്രാലയങ്ങളും ഇപ്പോള്‍ യാത്ര നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നത്.

അതിനിടെ അവസാന നിമിഷങ്ങളില്‍ യാത്ര മുടങ്ങുന്നതിന് പകരമായി, രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നവര്‍ പിഴകള്‍ ഇല്ലായെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം യാത്ര ആരംഭിക്കണമെന്ന് അധികൃതര്‍ പറഞ്ഞു.  

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News