കുവൈത്തില്‍ ട്രക്കുകള്‍ക്ക് മാത്രമായി പാര്‍ക്കിങ് സൗകര്യം ഒരുങ്ങുന്നു

Update: 2022-06-01 01:22 GMT
Advertising

കുവൈത്തില്‍ ട്രക്കുകള്‍ക്ക് മാത്രമായി പാര്‍ക്കിങ് സൗകര്യം ഒരുക്കാന്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശം. ഇതിനായി സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി മുനിസിപ്പാലിറ്റിക്ക് കത്ത് നല്‍കി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മൂന്നിടങ്ങളില്‍ പ്രത്യേക പാര്‍ക്കിങ് സ്ഥലമൊരുക്കാനാണ് പദ്ധതി. താമസ കേന്ദ്രങ്ങളില്‍ ട്രക്കുകള്‍ നിര്‍ത്തിയിടുന്നത് തിരക്ക് കൂടാനും മറ്റു വാഹനങ്ങള്‍ക്ക് പാര്‍ക്കിങ്ങിന് സ്ഥലം ലഭിക്കാതിരിക്കാനും കാരണമാകുന്നതായി മുനിസിപ്പാലിറ്റിക്ക് അയച്ച കത്തില്‍ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അഹമ്മദ് നവാഫ് അസ്സബാഹ് ചൂണ്ടിക്കാട്ടി.

പാര്‍പ്പിട പരിസരങ്ങളിലും വ്യാവസായിക, വാണിജ്യ, നിക്ഷേപ മേഖലകളിലും ട്രക്കുകള്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികള്‍ പട്രോളിങ് ടീമുകള്‍ മുഖേനയും പരിശോധന കാമ്പയിനുകളിലൂടെയുമാണ് പരിഹരിക്കുന്നത്. ആഭ്യന്തരമന്ത്രി നേരിട്ടഭ്യര്‍ഥിച്ച സ്ഥിതിക്ക് സ്ഥലം അനുവദിക്കപ്പെടുമെന്നും പദ്ധതി പ്രാവര്‍ത്തികമാകുമെന്നുമാണ് വിലയിരുത്തല്‍. രാജ്യത്തെ പാര്‍ക്കിങ് പ്രശനം പരിഹരിക്കാന്‍ ബഹുനില പാര്‍ക്കിങ് സമുച്ഛയങ്ങള്‍ പണിയാന്‍ മുന്‍സിപ്പാലിറ്റി തീരുമാനിച്ചിരുന്നു. ആദ്യ ഘട്ടമെന്ന നിലയില്‍ ശര്‍ഖില്‍ ബഹുനില പാര്‍ക്കിങ് സമുച്ചയം നിര്‍മിക്കാനാണ് പദ്ധതി.

വിജയകരമെന്ന് കണ്ടാല്‍ മറ്റു നഗരങ്ങളിലും നിര്‍മ്മിക്കും. ബഹുനില പാര്‍ക്കിങ് സമുച്ചയം നിലവില്‍ വരുന്നതോടെ, സിറ്റിയില്‍ റോഡു വശങ്ങളിലും കടകളുടെയും കെട്ടിടങ്ങളുടെയുമെല്ലാം മുന്നിലുമായി വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് ഒഴിവാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News