ഗൾഫ് കപ്പിൽ യുഎഇക്കെതിരെ ജയം: ഓരോ കുവൈത്ത് താരത്തിനും 4000 യുഎസ് ഡോളർ സമ്മാനം
ആദരിച്ച് കുവൈത്ത് ഫുട്ബോൾ അസോസിയേഷൻ, ബോർഡ് ചെയർമാൻ വക 1,000 ഡോളർ
കുവൈത്ത് സിറ്റി: ഗൾഫ് കപ്പിൽ യുഎഇയെ തോൽപ്പിച്ച കുവൈത്ത് ടീമിലെ ഓരോ താരത്തിനും 4000 യുഎസ് ഡോളർ സമ്മാനം വീതം സമ്മാനിച്ച് കുവൈത്ത് ഫുട്ബോൾ അസോസിയേഷൻ 'ഖലീജി സെയ്ൻ 26' ലെ ഗ്രൂപ്പ് ഒന്നിന്റെ രണ്ടാം റൗണ്ടിൽ യുഎഇയെ 2-1 നാണ് കുവൈത്ത് പരാജയപ്പെടുത്തിയിരുന്നത്. വിജയത്തോടെ പോയിന്റ് നില നാലായി ടീം ഉയർത്തി.
കുവൈത്ത് ഫുട്ബോൾ അസോസിയേഷൻ ഡയറക്ടർ ബോർഡാണ് ഓരോ കളിക്കാരനും 4,000 യുഎസ്‌ഡോളർ സമ്മാനമായി നൽകിയത്. ബോർഡ് ചെയർമാൻ ശൈഖ് അഹമ്മദ് അൽയൂസഫ് സ്വന്തം നിലയ്ക്ക് 1,000 ഡോളർ വീതവും കളിക്കാർക്ക് സമ്മാനിച്ചു. കൂടാതെ കുവൈത്ത് ഷോപ്പിംഗ് ഫെസ്റ്റിവൽ 'യാ ഹല' ഓരോ കളിക്കാരനും 500 ദിനാർ സമ്മാനമായി നൽകി. യുഎഇയ്ക്കെതിരായ സുപ്രധാന വിജയത്തിൽ കുവൈത്ത് ടീമിനെ സ്പോർട്സ് പബ്ലിക് അതോറിറ്റി ഡയറക്ടർ ജനറൽ ബഷാർ അബ്ദുല്ല അഭിനന്ദിച്ചു. കളിക്കാരുടെ പോരാട്ടവീര്യത്തെയും ടൂർണമെന്റിൽ ആദ്യ വിജയം നേടിയതിനെയും അദ്ദേഹം പ്രശംസിച്ചു.
അതിനിടെ, കുവൈത്ത് ഇൻഫർമേഷൻ ആൻഡ് കൾച്ചറൽ മന്ത്രിയും യുവജനകാര്യ സഹമന്ത്രിയും അറേബ്യൻ ഗൾഫ് കപ്പ് സുപ്രീം കമ്മിറ്റി ചെയർമാനുമായ അബ്ദുറഹ്‌മാൻ അൽ മുതൈരി ദേശീയ ടീം അംഗങ്ങളെ അഭിനന്ദിച്ചു. ഓരോ കളിക്കാരനും 2,000 കുവൈത്ത് ദിനാർ (ഏകദേശം 6,490 യുഎസ് ഡോളർ) പാരിതോഷികം അനുവദിച്ചതായി വാർത്താകുറിപ്പിൽ അറിയിക്കുകയും ചെയ്തു.
നാല് പോയിന്റുമായി കുവൈത്ത് ടീം ഒമാനൊപ്പം ഒന്നാം ഗ്രൂപ്പിൽ ഒന്നാമതെത്തി. യു.എ.ഇ, ഖത്തർ ടീമുകൾക്ക് ഓരോ പോയിന്റ് വീതമാണുള്ളത്. ഗ്രൂപ്പ് ഘട്ടത്തിൽ നാളെ കുവൈത്ത് ടീം ഖത്തറിനെ നേരിടും. വെള്ളിയാഴ്ച ജാബർ അൽ അഹമ്മദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം. അതേദിവസം യു.എ.ഇ ഒമാനെ സുലൈബിഖാത് ക്ലബ്ബിലെ ജാബർ അൽമുബാറക് അസ്സബാഹ് സ്റ്റേഡിയത്തിൽ നേരിടും.