കുവൈത്തിൽ വാക്‌സിൻ സർട്ടിഫിക്കറ്റ് തിരുത്തൽ വരുത്താം...
പാസ്‌പോർട്ട് അല്ലെങ്കിൽ സിവിൽഐഡിയുമായി മിശ്രിഫിലെ വാക്‌സിനേഷൻ കേന്ദ്രത്തിൽ ചെന്നാൽ പിഴവുകൾ തിരുത്താമെന്ന് ആരോഗ്യമന്ത്രാലയത്തിലെ അധികൃതർ അറിയിച്ചു
കുവൈത്തിൽ വാക്‌സിൻ സ്വീകരിച്ചവർക്ക് നൽകുന്ന സർട്ടിഫിക്കറ്റിലെ വിവരങ്ങൾ പാസ്‌പോർട്ടുമായി ഒത്തുനോക്കണമെന്നും പാസ്‌പോർട്ട് അല്ലെങ്കിൽ സിവിൽഐഡിയുമായി മിശ്രിഫിലെ വാക്‌സിനേഷൻ കേന്ദ്രത്തിൽ ചെന്നാൽ പിഴവുകൾ തിരുത്താമെന്നും ആരോഗ്യമന്ത്രാലയത്തിലെ അധികൃതർ അറിയിച്ചു. പേരിലെ ആദ്യ ഭാഗം വിട്ടുപോകൽ, ആഭ്യന്തര മന്ത്രാലയത്തിനും സിവിൽ ഇൻഫർമേഷൻ അതോറിറ്റിയിലും രേഖകൾ പുതുക്കുന്നതിന് മുമ്പുള്ള പേര് വരുന്നത് എന്നിവയാണ് സർട്ടിഫിക്കറ്റുകളിൽ വരാൻ സാധ്യതയുള്ള പിഴവുകൾ.
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അതോറിറ്റിയുമായി മിശ്രിഫിലെ വാക്‌സിനേഷൻ കേന്ദ്രത്തെ ബന്ധിപ്പിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. പാസ്‌പോർട്ടിലെയും വാക്‌സിനേഷൻ സർട്ടിഫിക്കറ്റിലെയും വിവരങ്ങളിൽ വ്യത്യാസം കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം കുവൈത്ത് വിമാനത്താവളത്തിൽനിന്ന് യാത്രക്കാരെ തിരിച്ചയച്ചിരുന്നു. വിസയിലെയും പി.സി.ആർ സർട്ടിഫിക്കറ്റിലെയും പേരുകൾ പാസ്‌പോർട്ടിലേത് പോലെ ആയിരുന്നെങ്കിലും വാക്‌സിൻ സർട്ടിഫിക്കറ്റിൽ പേര് വ്യത്യാസം കണ്ടെത്തിയതിനെ തുടർന്നാണ് കുവൈത്തിൽ നിന്ന് ലണ്ടനിലേക്ക് പോകാനിരുന്നവർക്ക് യാത്ര ചെയ്യാനാകാതെ മടങ്ങേണ്ടി വന്നത്. വിമാന ടിക്കറ്റ്, പി.സി.ആർ പരിശോധന, ടാക്‌സി, ഹോട്ടൽ തുടങ്ങിയക്ക് ചെലവാക്കിയ വൻ തുക നഷ്ടമായതായി യാത്രക്കാർ പരാതിപ്പെട്ടിരുന്നു. ഇതോടെ സർട്ടിഫിക്കറ്റുകളിലെ തെറ്റുതിരുത്താൻ വിമാനത്താവളത്തിൽ ആരോഗ്യ മന്ത്രാലയ കൗണ്ടർ സ്ഥാപിക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.