നിയമം ലംഘിക്കുന്നവർ ജാഗ്രതൈ; നാടുകടത്തുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

ഈ വർഷത്തിന്റെ തുടക്കം മുതൽ ഏകദേശം 15,000 വിദേശികളെ നാടുകടത്തിയിട്ടുണ്ട്

Update: 2022-09-02 18:30 GMT
Advertising

കുവൈത്തിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ പരിശോധനാകാമ്പയിനിൽ പിടിക്കപ്പെടുന്ന വിദേശികളിൽ നിയമലംഘകരെയും മതിയായ വരുമാനമില്ലാത്തവരെയും ഉടൻ നാടുകടത്തുമെന്ന് മുന്നറിയിപ്പ്. രാജ്യത്തെ നിയമങ്ങൾ അനുസരിക്കാത്ത വിദേശികളെ അവർക്ക് മതിയായ താമസാനുമതി ഉണ്ടെങ്കിൽ പോലും നാടുകടത്തുമെന്നാണ് സുരക്ഷാ വൃത്തങ്ങൾ നൽകുന്ന വിശദീകരണം.

കഴിഞ്ഞ കുറെ ദിവസങ്ങളായി രാജ്യത്ത് തുടരുന്ന സുരക്ഷാ പരിശോധനാ കാമ്പയിനിൽ ഇത്തരത്തിൽ നിരവധി പേർ പിടിയിലായതായും ഇവരെയെല്ലാം നാടുകടത്തൽ നടപടിക്ക് വിധേയമാക്കുമെന്നും അധികൃതർ അറിയിച്ചു. താമസ രേഖകൾ ഇല്ലാത്തവർ, ഗതാഗത നിയമം ലംഘിക്കുന്നവർ, വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർ എന്നിവരെയാണ് പരിശോധനാ കാമ്പയിൻ വഴി പൊലീസ് പ്രധാനമായും ലക്ഷ്യമിടുന്നത്.

സ്‌പോൺസർ മാറി ജോലി ചെയ്യുന്നവർ, ദിവസ വേതനക്കാർ , വഴിവാണിഭം നടത്തുന്നവർ എന്നിവരെയും പൊലീസ് പിടികൂടുന്നുണ്ട്. താമസരേഖകൾ ഉണ്ടെങ്കിലും തൊഴിൽ നിയമം ലംഘിച്ചതിന്റെ പേരിൽ ഇത്തരക്കാരെയും നാടുകടത്തും എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.ഇതിനായി താമസനിയമത്തിലെ പതിനാറാം അനുച്ഛേദം കർശനമായി നടപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശമുണ്ട്. പ്രകടമായ വരുമാനമില്ലാത്തതോ രാജ്യത്തെ നിയമം അനുസരിക്കാത്തതോ ആയ ഏതൊരു വിദേശപൗരനേയും നാടുകടത്താൻ ആഭ്യന്തര മന്ത്രാലയത്തിന് അധികാരം നൽകുന്നതാണ് ആർട്ടിക്കിൾ 16. ഇതനുസരിച്ചു നിരവധി പേരെ പിടികൂടി നാടുകടത്തിയതായി സുരക്ഷാ വൃത്തങ്ങൾ വെളിപ്പെടുത്തി.ഈ വർഷത്തിന്റെ തുടക്കം മുതൽ ഇതുവരെ രാജ്യത്ത് നിന്ന് ഏകദേശം 15,000 വിദേശികളെ നാടുകടത്തിയിട്ടുണ്ട്. ഇവരിൽ ഭൂരിഭാഗവും ഏഷ്യൻ, അറബ് കമ്മ്യൂണിറ്റികളിൽ നിന്നുള്ളവരാണ്.

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News