പശ്ചിമേഷ്യൻ സംഘർഷം: കുവൈത്ത് വിമാനങ്ങളുടെ റൂട്ടുകളിൽ മാറ്റം വരുത്തി
ഇറാൻ, ഇറാഖ്, ജോർദാൻ എന്നിവിടങ്ങളിൽ നിന്നുള്ള സർവീസുകൾ ജസീറ എയർവേയ്സ് നിർത്തിവെച്ചു
കുവൈത്ത് സിറ്റി: പശ്ചിമേഷ്യയിലെ പുതിയ സംഭവ വികാസങ്ങളെ തുടർന്ന് കുവൈത്ത് വിമാനങ്ങളുടെ റൂട്ടുകളിൽ മാറ്റം വരുത്തിയതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. വിമാനങ്ങളുടെ സുരക്ഷയെ മുൻനിർത്തിയാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്.
റൂട്ടുകളിൽ മാറ്റം വരുത്തിയതിനെ തുടർന്ന് വിമാനങ്ങൾ വൈകുമെന്ന് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ അബ്ദുല്ല അൽ-റജ്ഹി പറഞ്ഞു. രാജ്യത്തേക്ക് വിമാനങ്ങൾ സുരക്ഷിതമായി എത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി അദ്ദേഹം അറിയിച്ചു. അതിനിടെ ഇറാൻ, ഇറാഖ്, ജോർദാൻ എന്നിവിടങ്ങളിൽ നിന്നുള്ള സർവീസുകൾ ജസീറ എയർവേയ്സ് നിർത്തിവെച്ചു.
എയർലൈനിന്റെ വെബ്‌സൈറ്റ് വഴി ഫ്ലൈറ്റ് സ്റ്റാറ്റസ് പതിവായി പരിശോധിക്കാനും ഏറ്റവും പുതിയ വാർത്തകളും നിർദ്ദേശങ്ങളും തങ്ങളുടെ സോഷ്യൽ മീഡിയ ചാനലുകൾ വഴി അറിഞ്ഞിരിക്കാനും ജസീറ എയർവേസ് യാത്രക്കാരോട് ആവശ്യപ്പെട്ടു. നേരത്തെ ചില വിമാനങ്ങളുടെ റൂട്ടുകളിൽ മാറ്റം വരുത്തിയതായി കുവൈത്ത് എയർവേസും അറിയിച്ചിരുന്നു.