കുവൈത്തിലെ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിൽ പുരുഷന്മാരേക്കാൾ മികച്ച വിജയം സ്ത്രീകൾക്ക്
35.31% പ്രവാസികളും കഴിഞ്ഞ വർഷം ഡ്രൈവിംഗ് ടെസ്റ്റിൽ പരാജയപ്പെട്ടു
കുവൈത്ത് സിറ്റി: കുവൈത്തിൽ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിൽ പുരുഷന്മാരേക്കാൾ മികച്ച വിജയം സ്ത്രീകൾക്കെന്ന് കണക്കുകൾ. സെൻട്രൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിൽ നിന്നുള്ള പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷം 25,015 വനിതകൾ ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷ നൽകി. ഇതിൽ 18,618 പേർ വിജയിച്ചപ്പോൾ 6,397 പേർ പരാജയപ്പെട്ടു. 25.57 ശതമാനമാണ് സ്ത്രീകൾക്കിടയിലെ പരാജയ നിരക്ക്. എന്നാൽ 116,320 പുരുഷന്മാർ പ്രായോഗിക ഡ്രൈവിംഗ് ടെസ്റ്റ് എടുത്തപ്പോൾ 80,878 പേർ വിജയിക്കുകയും 35,442 പേർ പരാജയപ്പെടുകയും ചെയ്തു. 30.46 ശതമാനമാണ് പരാജയ നിരക്ക്. കണക്കുകൾ പ്രകാരം ഡ്രൈവിംഗ് ലൈസൻസ് പരീക്ഷയിൽ പുരുഷന്മാരേക്കാൾ മികച്ച വിജയം കൈവരിക്കുന്നത് സ്ത്രീകളാണെന്ന് വ്യക്തം.. അതേസമയം 109,918 പ്രവാസികൾ ഡ്രൈവിംഗ് ടെസ്റ്റ് എടുത്തപ്പോൾ 71,115 പേർ വിജയിക്കുകയും 38,803 പേർ പരാജയപ്പെടുകയും ചെയ്തു. 35.31 ശതമാനമാണ് പരാജയ നിരക്ക്.