ഒമാനിൽ വിദേശ നിക്ഷേപകർക്ക് ദീർഘകാല താമസാനുമതി
അഞ്ച്, പത്ത് വർഷ കാലാവധിയുള്ള വിസകളാണ് ലഭിക്കുക; സെപ്റ്റംബർ മുതൽ നിലവിൽ വരും
ഒമാനിൽ വിദേശ നിക്ഷേപകർക്ക് ദീർഘകാല താമസാനുമതി നൽകുന്നതിനുള്ള പദ്ധതി സെപ്റ്റംബറിൽ നിലവിൽ വരുമെന്ന് വ്യവസായ, വാണിജ്യ മന്ത്രാലയം അറിയിച്ചു. അഞ്ച്, പത്ത് വർഷ കാലയളവിലുള്ള വിസകളാണ് പദ്ധതിക്ക് കീഴിൽ നൽകുക.
ഒമാനിൽ നിശ്ചിത മാനദണ്ഡങ്ങൾക്ക് അനുസരിച്ച് റിയൽ എസ്റ്റേറ്റ്, വാണിജ്യ നിക്ഷേപ വിഭാഗങ്ങളിലാണ് വിസകൾ നൽകുക. ടൂറിസം, ഖനനം, ലോജിസ്റ്റിക്‌സ്, അഗ്രികൾച്ചർ, ഫിഷറീസ്, ഇൻഡസ്ട്രീസ്, വിദ്യാഭ്യാസം, ആരോഗ്യം, ഇൻഫർമേഷൻ ടെക്‌നോളജി തുടങ്ങിയ മേഖലകളിലേക്ക് നിക്ഷേപം ആകർഷിക്കുകയാണ് ദീർഘകാല താമസാനുമതി വഴി ലക്ഷ്യമിടുന്നത്. പദ്ധതിയുടെ നടപടിക്രമങ്ങൾ പൂർത്തിയായി വരfകയാണെന്ന് വ്യവസായ, വാണിജ്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ മാർച്ചിൽ സുൽത്താൻറെ അധ്യക്ഷതയിൽ നടന്ന മന്ത്രിസഭാ കൗൺസിൽ യോഗമാണ് നിക്ഷേപകർക്ക് ദീർഘകാല താമസാനുമതി നൽകാനുള്ള തീരുമാനമെടുത്തത്. ഇതേക്കുറിച്ച് വിശദമായ പഠനങ്ങൾക്കുശേഷമാണ് സെപ്റ്റംബർ മുതൽ അനുമതി നൽകിത്തുടങ്ങാൻ തീരുമാനമായത്.