കുവൈത്ത് അമീറിന് ഒമാനിൽ ഊഷ്മള വരവേൽപ്പ്
ഒമാൻ സുൽത്താനുമായി കുവൈത്ത് അമീർ കൂടിക്കാഴ്ച നടത്തി
മസ്കത്ത്: കുവൈത്ത് അമീർ ശൈഖ് മിശ്അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ രണ്ട് ദിവസത്തെ ഒമാൻ സന്ദർശനത്തിന് തുടക്കമായി. ഒമാനിൽ എത്തിയ കുവൈത്ത് അമീറിന് ഊഷ്മള വരവേൽപ്പാണ് നൽകിയത്. റോയൽ പ്രൈവറ്റ് എയർപോർട്ടിലെത്തിയ കുവൈത്ത് അമീറിനെ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് നേരിട്ടെത്തിയാണ് വരവേറ്റത്.
ഒമാനിൽ എത്തിയ കുവൈത്ത് അമീറിനെ അൽ ആലം പാലസിലേക്ക് ഔദ്യോഗിക ബഹുമതികളോടെ സ്വീകരിച്ചു. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖുമായി കുവൈത്ത് അമീർ ശൈഖ് മിശ്അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് അൽ ആലം പാലസിൽ കൂടിക്കാഴ്ച നടത്തി.
ഇരു രാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിലുള്ള സഹകരണത്തിന്റെ വശങ്ങളും സൗഹൃദ ബന്ധത്തെയും മറ്റും ശക്തിപ്പെടുത്താനുമുള്ള വഴികളും ഇരുനേതാക്കളും ചർച്ച ചെയ്തു. ഗൾഫ് സഹകരണ കൗൺസിൽ ശക്തിപ്പെടുത്തുന്നതിനെ പിന്തുണക്കാനും മെച്ചപ്പെടുത്താനുമുള്ള ചട്ടക്കൂടുകൾ വികസിപ്പിക്കാനുള്ള വഴികൾ, പൊതുതാൽപ്പര്യമുള്ള മറ്റു പ്രധാന വിഷയങ്ങൾ, പ്രാദേശികവും അന്തർദേശീയവുമായ പുതിയ സംഭവവികാസങ്ങൾ എന്നിവയും ഇരുവരും വിലയിരുത്തി.
ഇരുരാജ്യങ്ങളും തമ്മിൽ സഹകരണത്തിന്‍റെ വഴികൾ തേടുന്ന പുതിയ കരാറുകളിലും മറ്റും ഒപ്പുവെക്കാനും സാധ്യതയുണ്ട്. ബുധനാഴ്ച നടക്കുന്ന ദുകം റിഫൈനറി-പെട്രോകെമിക്കൽ ഇൻഡസ്ട്രീസിന്‍റെ ഉദ്ഘാടന ചടങ്ങിൽ ഒമാൻ സുൽത്താനും കുവൈത്ത് അമീറും പങ്കെടുക്കും. കുവൈത്ത് അമീറായി അധികാരമേറ്റശേഷമുള്ള ആദ്യത്തെ ഒമാൻ സന്ദർശനമാണിത്.