നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക: ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
വൈകിട്ട് മൂന്ന് മുതൽ നാല് വരെ കൂടുതൽ ശ്രദ്ധിക്കാനാണ് നിർദേശം
മസ്‌കത്ത്: ഉയർന്ന താപനിലയുള്ളതിനാൽ വെള്ളിയാഴ്ച നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം(സിഎഎ). സൂര്യാഘാതവും തളർച്ചയും തടയാൻ വൈകിട്ട് മൂന്ന് മുതൽ നാല് വരെ കൂടുതൽ ശ്രദ്ധിക്കാനാണ് നിർദേശം.
അതേസമയം, രാജ്യത്ത് പല സ്ഥലങ്ങളിലും താപനില 40 മുതൽ 50 ഡിഗ്രി സെൽഷ്യസ് വരെയാണ് രേഖപ്പെടുത്തുന്നത്. സൂര്യാഘാതം, തളർച്ച, ഉയർന്ന താപനിലയുമായി ബന്ധപ്പെട്ട മറ്റ് പ്രശ്‌നങ്ങൾ എന്നിവ കുറയ്ക്കുന്നതിനും ഒഴിവാക്കുന്നതിനും പുറംജോലികളിലും ഫീൽഡ് പ്രവർത്തനങ്ങളിലും ഏർപ്പെടുന്നവർ മുൻകരുതലുകൾ എടുക്കണം.
ഉച്ചസമയത്ത് നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുന്ന രീതിയിൽ ജോലി സമയം ക്രമീകരിക്കാൻ സിഎഎ അഭ്യർത്ഥിച്ചു. നിർജ്ജലീകരണം ഒഴിവാക്കാൻ നല്ല അളവിൽ വെള്ളം കുടിക്കുക, ഉയർന്ന താപനിലയോട് എങ്ങനെ പ്രതികരിക്കണമെന്ന് തൊഴിലാളികളെയും സൂപ്പർവൈസർമാരെയും പരിശീലിപ്പിക്കുകയും ചെയ്യണമെന്നും നിർദേശിച്ചു
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വാദി അൽ മാവിൽ, അമീറാത്ത്, റുസ്താഖ്, ബിഡ്ബിഡ് തുടങ്ങിയ സ്ഥലങ്ങളിൽ 48 മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെ താപനില രേഖപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും താപനില വർധിക്കുന്നതിനാൽ വേറെയും മുന്നറിയിപ്പുകൾ സിഎഎ നൽകി:
- വാതക പദാർത്ഥങ്ങൾ, ലൈറ്ററുകൾ, കാർബണേറ്റഡ് പാനീയങ്ങൾ, പെർഫ്യൂമുകൾ, ബാറ്ററികൾ എന്നിവ കാറുകളിൽ നിന്ന് നീക്കണം.
- കാറിന്റെ വിൻഡോകൾ (വെന്റിലേഷനായി) ചെറുതായി തുറന്നിരിക്കണം.
- കാറിന്റെ ഇന്ധനടാങ്കിൽ മുഴുവൻ ഇന്ധനം നിറയ്ക്കരുത്
- കാറിൽ ഇന്ധനം വൈകുന്നേരം നിറയ്ക്കുക
- കാറിന്റെ ടയറുകളിൽ അമിതമായി കാറ്റ് നിറയ്ക്കരുത്, പ്രത്യേകിച്ച് യാത്ര ചെയ്യുമ്പോൾ