വിദേശ മാധ്യമങ്ങൾക്ക് ലൈസൻസോടെ പ്രവർത്തിക്കാം; പുതിയ മാധ്യമ നിയമം പുറത്തിറക്കി ഒമാൻ
രാജ്യത്തെ മാധ്യമ മേഖലയുടെ ശാക്തീകരണം ലക്ഷ്യമിട്ടാണ് പുതിയ നിയമം പ്രഖ്യാപിച്ചത്
മസ്കത്ത്: ഒമാനിൽ വിദേശ മാധ്യമങ്ങൾക്ക് ലൈസൻസോടെ പ്രവർത്തിക്കാം. മന്ത്രാലയം മുന്നോട്ട് വെക്കുന്ന നിർദേശങ്ങൾ പാലിക്കുമെന്ന ഉപാധിയിൽ ലൈസൻസ് ലഭിക്കും. രാജ്യത്തെ മാധ്യമ മേഖലയുടെ ശാക്തീകരണം ലക്ഷ്യമിട്ട് രൂപപ്പെടുത്തിയ പുതിയ നിയമം സുൽത്താൻ ഹൈതം ബിൻ താരിഖ് ഞായറാഴ്ചയാണ് പ്രഖ്യാപിച്ചത്.
മാധ്യമങ്ങൾക്ക് പ്രവർത്തിക്കാൻ ഒമാനിൽ സുരക്ഷിതമായ സാഹചര്യം ഒരുക്കികൊണ്ടും രാജ്യത്തിനും സമുഹത്തിനും ഹാനികരമായ വ്യാജ വാർത്തകളും കിംവദന്തികളും പ്രചരിക്കുന്ന തടയാനും സഹായിക്കുന്നതാണ് പുതിയ മാധ്യമ നിയമം. നിയമത്തിന്റെ 23-ാം ഖന്ധിക അനുസരിച്ച് ഒമാനികളല്ലാത്ത പത്രപ്രവർത്തകർക്കും മാധ്യമസ്ഥാപനങ്ങൾക്കും ഇലക്ട്രോണിക് മീഡിയകൾക്കും ഒമാനിൽ പ്രവർത്തിക്കണമെങ്കിൽ പ്രത്യേക നിയമ നിർദ്ദേശങ്ങൾ പാലിക്കുമെന്ന ഉപാധിയിൽ മന്ത്രാലയത്തിൽ നിന്ന് ലൈസൻസ് എടുക്കണം.
മാധ്യമ പ്രവർത്തകർക്ക് പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിനും പ്രസിദ്ധീകരണത്തിലൂടെയോ പ്രക്ഷേപണത്തിലൂടെ പരസ്യം നടത്തി പണം സമ്പാദിക്കുന്നതിനും വാണിജ്യ പരസ്യങ്ങളിൽ ശബ്ദമോ ചിത്രമോ നൽകി സഹകരിക്കുകയും ചെയ്യാം. എന്നാൽ ഈ മാധ്യമ പ്രവർത്തകൻ ജോലിചെയ്യുന്ന മാധ്യമ സ്ഥാപനത്തിൽ നിന്നുള്ള അനുവാദം വാങ്ങണം. നിയമം ലംഘിക്കുന്ന മാധ്യമ പ്രവർത്തകർ ഇത്തരം പ്രവർത്തിയിലൂടെ നേടിയ പണവും മറ്റ് ആനുകൂല്യങ്ങളും താൻ ജോലി ചെയ്യുന്ന മാധ്യമ സ്ഥാപനങ്ങൾക്ക് തിരിച്ച് നൽകണം.
ഒമാനിലെ ലൈസൻസോടെ പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകർക്ക് പൂർണ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാൻ അനുവാദം ഉണ്ടാവും. അവരുടെ ജോലിയിൽ ഇടപെടാൻ അനുവദിക്കില്ല. ജേലി ചെയ്യുന്നതിൽനിന്നോ പ്രസിദ്ധീകരിക്കുന്നതിനോ പത്രമല്ലാത്ത മാധ്യങ്ങളിലേക്ക് കൈമാറ്റം ചെയ്യുന്നതിനോ തടസ്സമുണ്ടാക്കാൻ പടില്ലെന്നും നിയമത്തിലുണ്ട്. മാധ്യമ പ്രവർത്തകർക്ക് വാർത്തകളും വിവരങ്ങളും ഡാറ്റകളും പ്രസിദ്ധീകരിക്കാം. ഇങ്ങനെ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നവർ മന്ത്രാലയത്തിൻ നിന്ന് ലൈസൻസ് എടുത്തിരിക്കണം. സർക്കാറിന്റെ നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കുമെന്ന വ്യവസ്ഥയിലായിരിക്കും ഈ ലൈസൻസ് ലഭിക്കുക.