സെൻട്രൽ ബാങ്ക് ഓഫ് ഒമാൻറെ പേരിൽ വ്യാജ ലോൺ തട്ടിപ്പ്; മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്

വാട്സ് ആപ്പ്, സ്നാപ്ചാറ്റ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലൂടെയാണ് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻറെ പേരിൽ ലോൺ വാഗ്ദാനം ചെയ്ത് സംഘം തട്ടിപ്പ് നടത്തുന്നത്

Update: 2024-07-26 18:10 GMT
Advertising

മസ്‌കത്ത്: സമൂഹ മാധ്യങ്ങളിലൂടെ സെൻട്രൽ ബാങ്ക് ഓഫ് ഒമാൻറെ പേരിൽ നടത്തുന്ന വ്യാജ ലോൺ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്. ഓൺലൈൻ ബാങ്കിങ് മേഖലയിലെ തട്ടിപ്പിനെതിരെ ബോധവത്കരണം ശക്തമാക്കിയതോടെ പുതിയ രീതികൾ ഉപയോഗിച്ചാണ് സംഘം തട്ടിപ്പ് നടത്തുന്നത്. വാട്സ് ആപ്പ്, സ്നാപ്ചാറ്റ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലൂടെയാണ് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻറെ പേരിൽ ലോൺ വാഗ്ദാനം ചെയ്ത് സംഘം തട്ടിപ്പ് നടത്തുന്നത്.

ലോണിനായി ഇരകൾക്ക് വഞ്ചനാപരമായ ലിങ്കുകൾ നൽകി വ്യക്തിഗത, ബാങ്കിങ് വിവരങ്ങൾ ചോർത്തുകയാണ് തട്ടിപ്പ് സംഘം ചെയ്യുന്നത്. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് ഇരകളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം തട്ടുന്നതാണ് സംഘത്തിന്റെ രീതിയെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം സന്ദേശങ്ങൾ അവഗണിക്കണമെന്നും വിശ്വാസ്യതയെക്കുറിച്ച് ഉറപ്പില്ലെങ്കിൽ അറ്റാച്ചുചെയ്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും റോയൽ ഒമാൻ പോലീസ് പൗരന്മാരോടും താമസക്കാരോടും പറഞ്ഞു.

സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ വ്യക്തിഗതമോ ഭവനവായ്പയോ മറ്റേതെങ്കിലും ബാങ്കിങ് സേവനങ്ങളോ വ്യക്തികൾക്ക് നേരിട്ട് നൽകുന്നില്ലെന്ന് ശ്രദ്ധിക്കേണ്ടതാണെന്നും അധികൃതർ വ്യക്തമാക്കി. സുരക്ഷ കാരണങ്ങളാൽ ബാങ്ക് അക്കൗണ്ടും ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളും താൽക്കാലികമായി മരവിപ്പിച്ചിരിക്കുകയാണെന്നും വിവരങ്ങൾക്കായി ഈ നമ്പറിൽ ബന്ധപ്പെടണമെന്നും പറഞ്ഞാണ് പുതിയ രീതിയിൽ നടക്കുന്ന തട്ടിപ്പുകളിലൊന്ന്. ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ട് വിളിക്കുന്ന അജ്ഞാതർക്ക് കാർഡ് വിവരങ്ങൾ കൈമാറരുതെന്ന് റോയൽ ഒമാൻ പൊലീസ് നേരത്തേതന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News