ഒമാനിൽ ജൂലൈ 19 മുതൽ പ്രസവാവധി ഇൻഷുറൻസ് നടപ്പിലാക്കും
തൊഴിലാളിക്ക് പ്രസവത്തിന് മുമ്പുള്ള 14 ദിവസം മുതൽ 98 ദിവസത്തെ ശമ്പളത്തോടു കൂടിയുള്ള അവധി ലഭിക്കും
മസ്‌കത്ത്: ഒമാനിൽ ജോലി ചെയ്യുന്ന മുഴുവൻ പൗരന്മാർക്കും പ്രവാസികൾക്കും ജൂലൈ 19 മുതൽ പ്രസവാവധി ഇൻഷുറൻസ് നടപ്പിലാക്കും. സോഷ്യൽ പ്രൊട്ടക്ഷൻ ഫണ്ടാണ് (എസ്.പി.എഫ്) ഔദ്യോഗിക പ്ലാറ്റ്ഫോമുകളിൽ ഇക്കാര്യം അറിയിച്ചത്. സ്വകാര്യ, പൊതുമേഖലയിലെ ജീവനക്കാർക്കും, താൽക്കാലിക കരാറുകൾ, പരിശീലന കരാറുകൾ, വിരമിച്ച തൊഴിലാളികൾ എന്നിവയുൾപ്പെടെ എല്ലാ തരത്തിലുള്ള ജീവനക്കാർക്കും ഇൻഷുറൻസ് ബാധകമാകും.
എന്നാൽ സ്വയം തൊഴിൽ ചെയ്യുന്ന ഒമാനികൾ, ഗൾഫ് രാജ്യങ്ങളിൽ പാർട്ട് ടൈം ജോലി ചെയ്യുന്ന ഒമാനികൾ, വിദേശത്ത് ജോലി ചെയ്യുന്ന ഒമാനികൾ എന്നിവർക്ക് ഇത് ബാധകമല്ല.
🤱🏻 #بكِ_نهتم ..
— صندوق الحماية الاجتماعية – سلطنة عمان (@SPF_Oman) April 28, 2024
📌19 يوليو 2024م
بدء تطبيق فرع تأمين إجازات الأمومة للعمانيين وغير العمانيين العاملين في جميع القطاعات داخل سلطنة عُمان..
🤱🏻 We care about you ..
📌19 July 2024
The starting date to implement the maternity leave insurance for Omanis and non-Omanis working in… pic.twitter.com/DJTGwVW6aQ
പ്രതിമാസ ശമ്പളത്തിന്റെ ഒരു ശതമാനം എന്ന നിരക്കിലാണ് ഇൻഷുറൻസ് തുക ഈടാക്കുക. ഇതിൽ നിന്നും തൊഴിലാളിക്ക് 98 ദിവസത്തെ ശമ്പളത്തോടു കൂടിയുള്ള അവധി ലഭിക്കും. പ്രസവത്തിന് മുമ്പുള്ള 14 ദിവസം മുതലാണ് അവധി ആരംഭിക്കുക.ഇൻഷ്വർ ചെയ്ത പിതാവിന് ഏഴ് ദിവസത്തേക്ക് പിതൃത്വ അവധിയും ലഭിക്കും.
ഇൻഷ്വർ ചെയ്ത സ്ത്രീയെ അവധി കാലയളവിൽ ജോലി ചെയ്യാൻ തൊഴിലുടമ നിർബന്ധിക്കരുത്. ഇൻഷ്വർ ചെയ്ത സ്ത്രീ മറ്റൊരു തൊഴിലുടമയിലേക്ക് മാറുകയാണെങ്കിൽ, നീക്കത്തിന് മുമ്പുള്ള അവസാന ശമ്പളം അനുസരിച്ച് പ്രസവാവധി അലവൻസ് നൽകുന്നത് തുടരും.
പ്രസവസമയത്തോ അവധിക്കാലത്തോ അമ്മയുടെ മരണം സംഭവിച്ചാൽ, പിതാവിന് ഇതേ ആനുകൂല്യം ലഭിക്കുകയും ചെയ്യും.