മസ്‌കത്ത് എക്സ്പ്രസ് വേ ഭാഗികമായി അടച്ചിടും
അൽ ഇലം ബ്രിഡ്ജ് മുതൽ സിറ്റി സെന്റർ ഖുറം ബ്രിഡ്ജ് വരെയുള്ള ഭാഗം തിങ്കളാഴ്ച അർധരാത്രി മുതൽ ജൂൺ 13 വരെ അടച്ചിടും
മസ്‌കത്ത്: അൽ ഇലം ബ്രിഡ്ജ് മുതൽ സിറ്റി സെന്റർ ഖുറം ബ്രിഡ്ജ് വരെയുള്ള മസ്‌കത്ത് എക്സ്പ്രസ് വേയുടെ പാതകൾ പൂർണമായും അടച്ചിടുമെന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. തിങ്കളാഴ്ച അർധരാത്രി മുതൽ ജൂൺ 13 വരെയാണ് പാത അടച്ചിടുകയെന്നും അധികൃതർ വ്യക്തമാക്കി. അറ്റകുറ്റപ്പണികൾക്കായാണ് പാത അടച്ചിടുന്നത്.
റോയൽ ഒമാൻ പൊലീസിന്റെയും ഒ.ക്യൂ ഗ്രൂപ്പിന്റെയും സഹകരണത്തോടെയാണ് മസ്‌കത്ത് മുനിസിപ്പാലിറ്റി മസ്‌കത്ത് ഗവർണറേറ്റിലെ പൊതു അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നത്. ഇന്റർസെക്ഷൻ നമ്പർ (2) /അൽ-ഇലാം ബ്രിഡ്ജ്/ മുതൽ ഇന്റർസെക്ഷൻ നമ്പർ (1) /സിറ്റി സെന്റർ ഖുറം ബ്രിഡ്ജ്/ ഖുറം ഏരിയയിലാണ് അടുത്ത തിങ്കളാഴ്ച അർധരാത്രി മുതൽ 2024 ജൂൺ 13 വരെയായി അറ്റകുറ്റപ്പണികൾ നടക്കുക. ഈ കാലയളവിൽ മറ്റ് ബദൽ റൂട്ടുകളിലേക്ക് ഗതാഗതം തിരിച്ചുവിടുമെന്ന് നഗരസഭ വിശദീകരിച്ചു. എല്ലാവരും ജാഗ്രത പാലിക്കണമെന്നും സൈറ്റിൽ കാണിച്ചിരിക്കുന്ന ട്രാഫിക് നിർദ്ദേശങ്ങൾ പാലിക്കണമെന്നും മുനിസിപ്പാലിറ്റി അഭ്യർത്ഥിച്ചു.