മസ്‌കത്ത് നൈറ്റ്‌സിന് തുടക്കം
ഒരുമാസം നീണ്ടുനിൽക്കുന്ന പരിപാടികൾ
മസ്‌കത്ത്: ആഘോഷ രാവുകളിലേക്ക് വാതിൽ തുറന്ന് മസ്‌കത്ത് നൈറ്റ്‌സിന് തുടക്കമായി. ഒരുമാസം നീണ്ടുനിൽക്കുന്ന പരിപാടികൾ ഒമാന്റെ തലസ്ഥാന നഗരിക്ക് മികച്ച കാഴ്ചാനുഭവം സമ്മാനിക്കും. പ്രമുഖരുടെ സാന്നിധ്യത്തിൽ മസ്‌കത്ത് ഗവർണർ സയ്യിദ് സഊദ് ബിൻ ഹിലാൽ അൽ ബുസൈദി ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു.
ഏഴ് വേദികളിലായി കണ്ണിനും മനസ്സിനും ഒരുപോലെ ആനന്ദം നിറക്കുന്ന കാഴ്ചകൾക്കാണ് ഒരു മാസം ഇനി മസ്‌കത്ത് സാക്ഷ്യം വഹിക്കുക. എല്ലാ ദിവസവും വൈകീട്ട് നാല് മുതൽ രാത്രി 11 വരെയാണ് പരിപാടികൾ. വാരാന്ത്യ ദിവസങ്ങളിൽ കൂടുതൽ സമയം വിനോദ പരിപാടികൾ അരങ്ങേറും. പരിപാടികളെകുറിച്ച് കൂടുതൽ വിവരങ്ങൾ മസ്‌കത്ത് മുൻസിപ്പാലിറ്റിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ കാണാനാകും. ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്.
ഖുറം നാച്ചുറൽ പാർക്ക്, ആമിറാത്ത് പാർക്ക്, നസീം പാർക്ക്, ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ ഒമാൻ കൺവെൻഷൻ സെന്റർ, അൽഹെയിൽ ബീച്ച്, വാദി അൽ ഖൗദ്, തുടങ്ങിയ സ്ഥലങ്ങളിലാണ് പരിപാടികൾ. ഖുറം നാച്ചുറൽ പാർക്കിലാണ് ഫ്‌ളവർഷോയും ഫുഡ് ഫെസ്റ്റിവലും. ആമിറാത്ത് പാർക്ക്, നസീം ഗാർഡൻ എനിവിടങ്ങളിൽ വിവിധ പ്രദർശനങ്ങളും ലേസർ ഡ്രോൺ ഷോയും കുട്ടികൾക്കും മുതിർന്നവർക്കുമുള്ള റൈഡുകളും ഒരുക്കിയിട്ടുണ്ട്. സാഹസികത ഇഷ്ടപ്പെടുന്നവർക്കായി സ്‌പ്ലൈനിങ്, മൗണ്ടൻ ബൈക്കിങ്, ഓഫ് റോഡ് വെഹിക്കൾ ചാലഞ്ചുകൾ, ഹൈക്കിങ് ട്രയലുകൾ എന്നിവക്ക് വാദി അൽ ഖൗദ് വേദിയാകും. അൽ ഹദീദ് ബീച്ചിൽ ബീച്ച് ഫുട്‌ബോൾ വോളിബോൾ എന്നിവ നടക്കും നസീം ഗാർഡനിൽ വിനോദ പരിപാടികൾക്കാണ് മുൻതൂക്കമെങ്കിലും ആമിറാത്ത് പാർക്കിൽ പ്രധാനമായും ഒമാനി പൈതൃകത്തിന്റെയും സംസ്‌കാരത്തിന്റെയും പ്രദർശനമാണ്.