ഒമാനിൽ ജലസേവന മേഖലയിൽ പ്രീപെയ്ഡ് വാട്ടർ മീറ്റർ സംവിധാനവുമായി നാമ

ബാലൻസ് ക്രെഡിറ്റ് പരിശോധിക്കാനും ജല ഉപഭോഗം നിരീക്ഷിക്കാനും കഴിയും

Update: 2024-03-11 18:24 GMT
Advertising

മസ്കത്ത്: ഒമാനിൽ ജലസേവന മേഖലയിൽ പ്രീപെയ്ഡ് വാട്ടർ മീറ്റർ സംവിധാനവുമായി നാമ വാട്ടർ സർവീസ് കമ്പനി. മികച്ച സാങ്കേതിക വിദ്യകൾ സ്വീകരിച്ച്​ മെച്ചപ്പെട്ട സേവനങ്ങൾ ഉപഭോക്​താക്കൾക്ക്​ നൽകാനുള്ള കമ്പനിയുടെ ശ്രമത്തിന്‍റെ ഭാഗമായാണ് ഈ സുപ്രധാന ചുവടുവെപ്പ്​.

പുതിയ മീറ്ററുകൾ ഉപയോഗിച്ച് മികച്ച ഉപഭോക്തൃ സേവനത്തിലേക്കുള്ള കമ്പനിയുടെ മുന്നേറ്റമാണ്​ ഇതിലൂടെ ഉ​ലക്ഷ്യമിടന്നതെന്ന നാമ വാട്ടർ സർവീസസിന്‍റെ സി.ഇ.ഒ ഖായിസ്​ അൽ സക്ക്​വാനി പറഞ്ഞു. ഈ അത്യാധുനിക മീറ്ററുകൾ സ്ഥാപിക്കുന്നത് ആദ്യം മസ്‌കത്ത്​ ഗവർണറേറ്റിൽ ആയിരിക്കും. പിന്നീട്​ മറ്റ്​ ഗവർണറേറ്റിലേക്കും വ്യാപിപ്പിക്കും.

പ്രീപെയ്ഡ് വാട്ടർ മീറ്ററുകൾ ഇന്റർനെറ്റ് ഓഫ് തിംഗ്‌സ് സാങ്കേതികവിദ്യ ഉപയോഗിച്ചും ഉപഗ്രഹം വഴി കമ്പനിയുടെ സബ്‌സ്‌ക്രൈബർ സേവന സംവിധാനങ്ങളുമായി ബന്ധിപ്പിക്കുന്ന സ്മാർട്ട് സംവിധാനത്തിലൂടെയും ആണ്​ പ്രവർത്തിക്കുന്നത്. ഓരോ മണിക്കൂറിലും അപ്‌ഡേറ്റുകൾ അയക്കാൻ മീറ്ററുകളിൽ പ്രോഗ്രാം ചെയ്‌തിട്ടുണ്ട്​.

ഉപയോഗിക്കുന്ന വെള്ളത്തിന്‍റെ അളവ്, അക്കൗണ്ടിലെ ബാക്കി തുക എന്നിവ ഉപഭോക്​താക്കൾക്ക്​ ഇതിലൂടെ അറിയാൻ കഴിയും. കൂടാതെ മീറ്ററിന്‍റെ ഡിജിറ്റൽ സ്ക്രീനിലൂടെ ജല ഉപഭോഗത്തിന്‍റെ അളവ്​ മനിസ്സിലാക്കാനും സാധിക്കും. ബാലൻസ് ക്രെഡിറ്റ് പരിശോധിക്കാനും ജല ഉപഭോഗം നിരീക്ഷിക്കാനും കഴിയും.

വരിക്കാർക്ക് മീറ്ററുകളിൽ അഞ്ച്​ മുതൽ 100 റിയാൽ വരെയും വാണിജ്യ കണക്ഷനുകൾക്ക് 10 മുതൽ 500 റിയാൽ വരെയും ഉള്ള തുകകൾ റീചാർജ് ചെയ്യാം. ബാലൻസ് കുറവായ സാഹചര്യത്തിൽ സ്മാർട്ട് മീറ്റർ എസ്​.എം.എസ്​ അലേർട്ടുകൾ അയക്കും. ബാലൻസ്​ ഇല്ലെങ്കിൽ മീറ്ററുകൾ വിച്ഛേദിക്കപ്പെടും. എന്നാൽ, റീചാർജ് ചെയ്തതിന് ശേഷം സ്വയമേ പുനരാരംഭിക്കുന്നതിനായി മീറ്ററുകളിൽ പ്രോഗ്രാം ചെയ്തിട്ടുണ്ടെന്നും അധികൃതർ വ്യക്​തമാക്കി.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News