ഒമാനിലെ തെക്കു വടക്ക് ബാത്തിന ഗവർണറേറ്റുകളിൽ കനത്ത മഴ തുടരുന്നു
ഉൾഗ്രാമങ്ങളിലെ പല താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. തെക്കു വടക്ക് ബാത്തിന ഗവർണറേറ്റുകളിലാണ് കൂടുതൽ മഴ ലഭിച്ചത്. എന്നാൽ, മസ്‌കത്ത് അടക്കമുള്ള വിവിധ പ്രദേശങ്ങളിൽ നേരിയ മഴ മാത്രമാണ് ലഭിച്ചത്.
മസ്‌കത്ത്: ന്യൂനമർദത്തിന്റെ ആഘാതത്തെ തുടർന്ന് ഒമാനിലെ തെക്ക് വടക്ക് ബാത്തിന ഗവർണറേറ്റുകളിൽ കനത്ത മഴ തുടരുന്നു. ബുധനാഴ്ചവരെ മഴ തുടരുമെന്നുള്ള കലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് മികച്ച മുന്നൊരുക്കങ്ങളാണ് അധികൃതർ ഒരുക്കിയിട്ടുള്ളത്. കനത്ത മഴയെ തുടർന്ന് വാദികൾ നിറഞ്ഞൊഴുകുകയും റോഡുകളിൽ വെള്ളം കയറുകയും ചെയ്തു. വാദികൾ കവിഞ്ഞൊഴുകിയതിനാൽ മുറിച്ച് കടക്കാൻ ശ്രമിക്കരുതെന്ന് ആർ.ഒ.പി കർശന നിർദേശം നൽകിയിട്ടുണ്ട്. റോഡുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ചിലയിടങ്ങളിൽ നേരിയ ഗതാഗത തടസ്സവും നേരിട്ടു.
ഉൾഗ്രാമങ്ങളിലെ പല താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. തെക്കു വടക്ക് ബാത്തിന ഗവർണറേറ്റുകളിലാണ് കൂടുതൽ മഴ ലഭിച്ചത്. എന്നാൽ, മസ്‌കത്ത് അടക്കമുള്ള വിവിധ പ്രദേശങ്ങളിൽ നേരിയ മഴ മാത്രമാണ് ലഭിച്ചത്. കാലാവസ്ഥാ സാഹചര്യങ്ങൾ നിരീക്ഷിച്ചിവരികയാണെന്നും മുന്നൊരുക്കങ്ങൾ നടത്തിയതായും നാഷനൽ കമ്മിറ്റി ഫോർ എമർജൻസി മാനേജ്മെന്റ് അറിയിച്ചു. മഴ ബാധിക്കുന്ന ഗവർണറേറ്റുകളിലെ ആരോഗ്യ സ്ഥാപനങ്ങൾക്ക് ഉചിതമായ നടപടികൾ സ്വീകരിക്കാനും അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിൽ ഇടപെടാനും നിർദേശം നൽകിയിട്ടുണ്ട്. ബുറൈമി, ദാഹിറ, ദാഖിലിയ, തെക്ക്-വടക്ക് ബാത്തിന, വടക്ക്-തെക്ക് ശർഖിയ, മസ്‌കത്ത്, മുസന്ദം എന്നീ ഗവർണറേറ്റുകളിലും അൽഹജർ പർവ്വത നിരകളിലും ബുധനാഴ്ചവരെ മഴ തുടരുമെന്നാണ് കലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകിയിരിക്കുന്ന മുന്നറിയിപ്പ്.