റിമോട്ട് സെൻസിങ്ങും എ.ഐ സാങ്കേതിക വിദ്യയുമുള്ള ആദ്യ ഉപഗ്രഹം വിക്ഷേപിച്ച് ഒമാൻ
പരിസ്ഥിതി നിരീക്ഷണം, നഗരാസൂത്രണം, റിസോഴ്‌സ് മാനേജ്‌മെൻ്റ് എന്നിവയുൾപ്പെടെ ഒമാനിലെ നിരവധി മേഖലകളെ പിന്തുണക്കുന്നതിൽ ഈ ഉപഗ്രഹം നിർണായക പങ്ക് വഹിക്കും.
മസ്‌കത്ത്: ബഹിരാകാശ മേഖലയിൽ വൻ കുതിപ്പുമായി ഒമാൻ. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ ഉപഗ്രഹം ഒഎൽ 1 ചൈനയിൽ നിന്ന് വിക്ഷേപിച്ചു. റിമോട്ട് സെൻസിംഗിലും ഭൗമ നിരീക്ഷണത്തിലും വൈദഗ്ദ്ധ്യം നേടിയ ഉപഗ്രഹം, എഐ അധിഷ്ഠിത ഡാറ്റാ വിശകലനം നടത്തും
'ഒമാൻ ലെൻസ്'കമ്പനി അന്താരാഷ്ട്ര ടെലികമ്മ്യൂണിക്കേഷൻ ഓർഗനൈസേഷനിൽ സുൽത്താനേറ്റിന്റെ പേരിൽ രജിസ്റ്റർ ചെയ്ത ആദ്യത്തെ ഉപഗ്രഹമാണ് ചൈനയിൽനിന്ന് വിക്ഷേപിച്ചത്. ഉപഗ്രഹത്തിന്റെ വിജയകരമായ വിക്ഷേപണത്തോടെ, ബഹിരാകാശ സാങ്കേതിക വിദ്യയുടെ ലോകത്തേക്ക് കുതിച്ച് കയറാനും സുൽത്താനേറ്റിനായി. പരിസ്ഥിതി നിരീക്ഷണം, നഗരാസൂത്രണം, റിസോഴ്സ് മാനേജ്മെന്റ് എന്നിവയുൾപ്പെടെ ഒമാനിലെ നിരവധി മേഖലകളെ പിന്തുണക്കുന്നതിൽ ഈ ഉപഗ്രഹം നിർണായക പങ്ക് വഹിക്കും. എ.ഐ അധിഷ്ഠിത ഡാറ്റാ വിശകലനം നടത്താൻ രൂപകൽപന ചെയ്തിരിക്കുന്ന ഉപഗ്രഹം, ഒമാന്റെ പ്രകൃതിദത്തവും നഗരപരവുമായ പ്രകൃതിദൃശ്യങ്ങൾ നിരീക്ഷിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും സഹായിക്കുന്ന മികച്ച ചിത്രങ്ങളും നൽകും.
തദ്ദേശീയമായി വികസിപ്പിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പ്യൂട്ടിങിനായുള്ള ആദ്യത്തെ നൂതന ഒപ്റ്റിക്കൽ ഉപഗ്രഹമാണിത്. സ്റ്റാർ വിഷൻ എയ്റോസ്പേസ്, മാർസ് ഡെവലപ്മെന്റ് ആൻഡ് ഇൻവെസ്റ്റ്മെന്റ് കമ്പനി എന്നിവയുമായുള്ള പങ്കാളിത്തത്തിലൂടെയാണ് ഉപഗ്രഹ പദ്ധതി യഥാർഥ്യമാക്കിയത്. 2023 നംവംബർ 11ന് ഒമാൻറ പ്രഥമ ഉപഗ്രഹമായ അമാൻ ഒന്ന് വിജയകരമായി വിക്ഷേപിച്ചിരുന്നു. രണ്ടാമത്തെ ശ്രമത്തിലായിരുന്നു ഉപഗ്രഹത്തെ ഭ്രമണ പഥത്തിലെത്തിക്കാൻ കഴിഞ്ഞത്.