കൂപ്പുകുത്തി രൂപ; ഒമാൻ റിയാലിന്റെ വിനിമയ നിരക്ക് സർവകാല റെക്കോർഡിൽ
ഒരു ഒമാൻ റിയാലിന് 223 രൂപ 70 പൈസയാണ് ഒമാനിലെ പല വിനിമയ സ്ഥാപനങ്ങളും ഇന്ന് നൽകിയത്
മസ്‌കത്ത്: ഒമാൻ റിയാലിന്റെ വിനിമയ നിരക്ക് വീണ്ടും ഉയർന്ന് സർവകാല റെക്കോർഡിലെത്തി, ഒരു ഒമാൻ റിയാലിന് 223 രൂപ 70 പൈസയാണ് ഒമാനിലെ പല വിനിമയ സ്ഥാപനങ്ങളും ഇന്ന് നൽകിയത്. ഡോളർ ശക്തി പ്രാപിച്ചതോടെ ഏഷ്യൻ കറൻസികളുടെ മൂല്യത്തിലെല്ലാം ഇടിവ് തുടരുകയാണ്. അന്താരാഷ്ട്ര വിനിമയ നിരക്ക് പേർട്ടലായ 'എക്‌സ് ഇ എക്‌സ്‌ചേഞ്ച്' ഒരു ഒമാനി റിയാലിന് 224 രൂപക്ക് മുകളിൽ കാണിക്കുന്നുണ്ട്. ജനുവരി 13-നാണ് 223 രൂപയിൽ വിനിമയ നിരക്ക് എത്തിയത്. ട്രഷറി വരുമാനം ഉയരുന്നതും ക്രൂഡോയിൽ വിലയിലെ കുതിച്ചുചാട്ടവും ഇന്ത്യൻ കറൻസിയെ തളർത്തുന്നുണ്ട്. തുടർച്ചയായി 16 ആഴ്ചകളായി രൂപയുടെ മൂല്യം ഇടിഞ്ഞുതന്നെയാണുള്ളത്. ഇത് ചരിത്രത്തിൽ ഒരിക്കലും ഉണ്ടായിട്ടില്ലെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു.
യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയായ 86.31ലേക്കാണ് ഇടിഞ്ഞത്. 2025 ജനുവരിയിൽ ഡോളർ സൂചിക 109.95 ൽ എത്തുകയും ചെയ്തു. ഇത് കഴിഞ്ഞ കുറച്ച് വർഷങ്ങളിലെ ഏറ്റവും ഉയർന്ന നിലയാണ്. ഫെഡറൽ റിസർവിൽ നിന്ന് പലിശനിരക്കുകൾ വലിയ തോതിൽ കുറയ്ക്കില്ലെന്ന സൂചനകൾ ലഭിച്ചതും വിപണിയിൽ യുഎസ് ഡോളറിന്റെ ആവശ്യം വർധിപ്പിച്ചിട്ടുണ്ട്. ആഗോള നിക്ഷേപകർ യുഎസിനെ സുരക്ഷിത നിക്ഷേപമായി കണക്കാക്കുന്നതാണ് ഡോളർ ശക്തമാവാൻ മാറ്റൊരു കാരണം. ക്രൂഡ് ഓയിൽ വില, യുഎസ് പലിശ നയം, വിദേശ നിക്ഷേപകരുടെ നിലപാട് തുടങ്ങിയ ആഗോള ഘടകങ്ങൾ അനുസരിച്ചായിരിക്കും രൂപയുടെ മൂല്യത്തിന്റെ ഭാവി.