അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തെ റോയൽ ഒമാൻ പൊലീസ് പിടിക്കൂടി
അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തെ റോയൽ ഒമാൻ പൊലീസ് പിടിക്കൂടി. ആറ് ദശലക്ഷത്തിലധികം 'ക്യാപ്റ്റഗൺ' മയക്കുമരുന്ന് ഗുളികളും പിടിച്ചെടുത്തു. പ്രതികൾക്കെതിരായ നിയമ നടപടികൾ പൂർത്തീകരിച്ചതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
കര-കടൽ അതിർത്തി ചെക്ക്പോസ്റ്റുകളിലൂടെ കടത്തിയ മയക്ക് മരുന്ന് ഗുളികൾ സൗദി അധികൃതരുമായി സഹകരിച്ചാണ് മയക്കുമരുന്നും ലഹരി പദാർഥങ്ങളും ചെറുക്കുന്നതിനുള്ള റോയൽ ഒമാൻ പൊലീസ് ജനറൽ അഡ്മിനിസ്‌ട്രേഷൻ പിടിക്കൂടിയത്.
കയറ്റുമതി ചെയ്യാനായി വിവിധ ഒളിത്താവളങ്ങളിൽ ഇവ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഏറെ വിദഗ്ധമായാണ് സംഘം ഗുളികകൾ കടത്തിയിരുന്നത്. എന്നാൽ, മയക്കുമരുന്നും ലഹരി പദാർഥങ്ങളും ചെറുക്കുന്നതിനുള്ള റോയൽ ഒമാൻ പൊലീസ് ജനറൽ അഡ്മിനിസ്‌ട്രേഷൻറെയും സൗദി അധികൃതരുടെയും മികച്ച നിരീക്ഷണത്തിൻറെ ഫലമായി സംഘത്തെ വലയിലാക്കുകയായിരുന്നു. ഇവരുടെ പക്കൽ നിന്നും മയക്കുമരുന്ന് ഗുളികകൾ പിടിച്ചെടുക്കുകയും ചെയ്തു.