ബഹ്റൈനിൽ പാർലമെന്റ്, മുനിസിപ്പൽ തെരഞ്ഞെടുപ്പ് പൂർത്തിയായി

വനിതകളുടെ വർധിച്ച സാന്നിധ്യവും ഇത്തവണ തെരഞ്ഞെടുപ്പിലുണ്ടായതായി വനിതാ സുപ്രിംകൗൺസിൽ വ്യക്തമാക്കി.

Update: 2022-11-12 19:31 GMT
Advertising

രാജ്യത്ത് പാർലമെന്‍റ്, മുനിസിപ്പൽ കൗൺസിലിലേക്കുള്ള ആറാമത് വോട്ടെടുപ്പ് പൂർത്തിയായി. വിവിധ സ്കൂളുകളിൽ സജ്ജീകരിച്ച ബൂത്തുകളിൽ വോട്ട് രേഖപ്പെടുത്താൻ രാവിലെ തന്നെ വോട്ടർമാരെത്തിച്ചേർന്നു. ബഹ്റൈനു വേണ്ടി നാം വോട്ട് ചെയ്യുക എന്ന പ്രമേയത്തിൽ നടന്ന തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കാനായി സ്ത്രീകളും യുവജനങ്ങളും മുതിർന്നവരുമടക്കമുള്ളവർ പോളിങ് സ്റ്റേഷനുകളിലെത്തി. വനിതകളുടെ വർധിച്ച സാന്നിധ്യവും ഇത്തവണ തെരഞ്ഞെടുപ്പിലുണ്ടായതായി വനിതാ സുപ്രിംകൗൺസിൽ വ്യക്തമാക്കി.

കോവിഡ് ബാധിതരായവർക്ക് എക്സിബിഷൻ സെൻ്ററിൽ വോട്ട് രേഖപ്പെടുത്താനായി പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു. മന്ത്രിമാരും രാജകുടുംബാംഗങ്ങളും വിവിധ പോളിങ് ബുത്തുകളിലെത്തി വോട്ട് ചെയ്തു. വോട്ടർമാർ അവരുടെ പാസ്‌പോർട്ടും സ്മാർട്ട് കാർഡും സഹിതം വോട്ട് ചെയ്യാനെത്തുകയും ഇഷ്ടപ്പെട്ട സ്ഥാനാർഥിക്ക് വോട്ട് രേഖപ്പെടുത്തിയ ശേഷം പാസ്‌പോർട്ടിൽ ഔദ്യോഗിക ഇലക്ഷൻ ലോഗോ ഉപയോഗിച്ച് സ്റ്റാമ്പ് ചെയ്യുകയും ചെയ്യുന്ന രീതിയിലായിരുന്നു വോട്ടെടുപ്പ് പ്രക്രിയ.

പാർലിമെൻ്റ് തെരഞ്ഞെടുപ്പിനായി ചുവന്ന നിറത്തിലുള്ള ബാലറ്റ് ബോക്സുകളൂം മുനിസിപ്പൽ തെരഞ്ഞെടുപ്പിനായി പച്ച നിറത്തിലുള്ള ബാലറ്റ് ബോക്സുകളുമാണ് ഉപയോഗിച്ചത്. തീർത്തും സമാധാനാന്തരീക്ഷത്തിലാണ് വോട്ടെടുപ്പ് പ്രക്രിയ പൂർത്തിയായത്. തെരഞ്ഞെടുപ്പിന്റെ നടത്തിപ്പിനായി ശക്തമായ സുരക്ഷ സന്നാഹങ്ങൾ അധികൃതർ ഒരുക്കിയിരുന്നു.

പാർലിമെൻ്റിലേക്കും ഉത്തര, ദക്ഷിണ, മുഹറഖ് ഗവർണറേറ്റ് പരിധികളിലെ മുൻസിപ്പൽ കൗൺസിലുകളിലേക്കുമായി നടന്ന തെരഞ്ഞെടുപ്പിൽ മുൻ വർഷങ്ങളേക്കാൾ കൂടുതൽ സ്ഥാനാർഥികളാണ് ഇത്തവണ മൽസര രംഗത്തുണ്ടായിരുന്നത്. മുൻ തെരഞ്ഞെടൂപ്പുകളിൽ നിന്ന് വ്യത്യസ്തമായി എല്ലാ സ്ഥാനാർഥികളും വ്യക്തിപരമായാണ് ഇത്തവണ മത്സരിച്ചത്.

പാർട്ടികളുടെ പ്രവർത്തനം രാജ്യത്ത് മന്ദീഭവിച്ചതോടെ നേരത്തെ പാർട്ടി ബാനറിൽ മത്സരിച്ചിരുന്നവരും പാർട്ടികളോട് ആഭിമുഖ്യമുള്ളവരുമടക്കം സ്വതന്ത്രമായി ജനവിധി തേടി. തെരഞ്ഞെടുപ്പിൽ റീ പോളിങ് ആവശ്യമായി വന്നാൽ ഈ മാസം 19ന് നടക്കും. ജനാധിപത്യ പ്രക്രിയയെ ശക്തിപ്പെടുത്തുന്ന പാർലമെൻ്റ്, മുൻസിപ്പൽ തെരഞ്ഞെടുപ്പ് ഫലത്തെ ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് രാജ്യനിവാസികൾ.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News