സി.ഐ.സി സൗഹൃദ ഇഫ്താർ സംഗമം ശ്രദ്ധേയമായി


ദോഹ: സൗഹാർദത്തിന്റെയും സഹവർത്തിത്തത്തിന്റെയും പങ്കുവെക്കലിന്റെയും പ്രസക്തിയും പ്രാധാന്യവും ഊന്നിപ്പറഞ്ഞുകൊണ്ട് സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി മദീന ഖലീഫ സോൺ സംഘടിപ്പിച്ച സൗഹൃദ ഇഫ്താർ സംഗമം ശ്രദ്ധേയമായി.
വിശപ്പിന്റെയും ഇല്ലായ്മയുടെയും പ്രയാസങ്ങൾ അനുഭവിച്ചറിയാനുള്ള അവസരമായ നോമ്പ്, അനുഗ്രഹങ്ങൾ സഹജീവികൾക്ക് വേണ്ടി പങ്കുവെക്കണമെന്ന വലിയ പാഠമാണ് പകർന്നുനൽകുന്നതെന്ന് റമദാൻ സന്ദേശത്തിൽ ഡോ. താജ് ആലുവ പറഞ്ഞു. സാമൂഹിക ബന്ധങ്ങളുടെ ആഘോഷമാണ് റമദാനിൽ സംഭവിക്കുന്നത്. ആത്മനിയന്ത്രണത്തിനും നന്മ നിറഞ്ഞ ജീവിതത്തിനും ഉതകുന്ന ദൈവഭയം വളർത്തിയെടുക്കാൻ വ്രതം സഹായിക്കുന്നു. ഏകദൈവവും വേദഗ്രന്ഥവും പ്രവാചകൻമാരും ഏതെങ്കിലും ഒരു മതാനുയായികൾക്ക് മാത്രമുള്ളതല്ല, മുഴു മനുഷ്യർക്കും പൊതുവായുള്ളതാണെന്ന അധ്യാപനമാണ് ഇസ്ലാം മുന്നോട്ടുവയ്ക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സുരേഷ് കരിയാട്, ചന്ദ്രമോഹൻ, അശോകൻ, തുടങ്ങിയവർ നോമ്പനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് സംസാരിച്ചു. ജയൻ മടിക്കൈ കവിത ആലപിച്ചു. ക്വിസ് മൽസരത്തിന് അബൂ അഹ്‌മദ് നേതൃത്വം നൽകി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
സി.ഐ.സി സോണൽ പ്രസിഡന്റ് അബ്ദുൽ ഹമീദ് വി.എൻ അധ്യക്ഷത വഹിച്ചു. മുജീബ് റഹ്‌മാൻ പി.പി ഖുർആൻ പാരായണം നടത്തി. കുടുംബങ്ങളടക്കം ഇരുന്നൂറിലേറെ പേർ പരിപാടിയിൽ പങ്കെടുത്തു. നഈം അഹ്‌മദ്, അബ്ദുൽ ജബ്ബാർ, അബൂ റിഹാൻ, മുഹമ്മദ് നജീം, മുഫീദ് ഹനീഫ, ഷിബു ഹംസ, സുഹൈൽ, മുഹമ്മദ് ജമാൽ തുടങ്ങിയവർ നേതൃത്വം നൽകി.