ഊര്‍ജമേഖലയില്‍ സഹകരണം; ഖത്തറും ജര്‍മനിയും കരാറൊപ്പിട്ടു
ജര്‍മനിയിലേക്ക് ഖത്തറില്‍ നിന്നും ദ്രവീകൃത പ്രകൃതി വാതകം എത്തിക്കുക, പുനരുപയോഗ ഊർജത്തിന്റെ കാര്യത്തില്‍ പരസ്പരം സഹകരിക്കുക എന്നിവയാണ് ലക്ഷ്യങ്ങള്‍
ഊര്‍ജമേഖലയില്‍ സഹകരണത്തിന് ഖത്തറും ജര്‍മനിയും തമ്മില്‍ കരാറൊപ്പിട്ടു. ജര്‍മനിയിലേക്ക് ഖത്തറില്‍ നിന്നും ദ്രവീകൃത പ്രകൃതി വാതകം എത്തിക്കുക, പുനരുപയോഗ ഊർജത്തിന്റെ കാര്യത്തില്‍ പരസ്പരം സഹകരിക്കുക എന്നിവയാണ് ലക്ഷ്യങ്ങള്‍. ഖത്തര്‍ ഊർജകാര്യ സഹമന്ത്രി സാദ് ഷെരീദ അൽ കാബിയും ജർമൻ സാമ്പത്തിക കാര്യ, കാലാവസ്ഥാ മന്ത്രി ഡോ. റോബർട്ട് ഹാബെക്കുമാണ് കരാറില്‍ ഒപ്പുവെച്ചത്.
ഖത്തറിൽ നിന്നുള്ള എൽഎൻജി ഇറക്കുമതിയിലൂടെ ജർമ്മനിയുടെ ഊർജ വിതരണ വൈവിധ്യവൽക്കരണത്തെ കൂടുതൽ ശക്തിപ്പെടുത്തുക, ഹൈഡ്രജനിലും പുനരുപയോഗിക്കാവുന്ന സ്രോതസ്സുകളിലും ഉഭയകക്ഷി സഹകരണം സുഗമമാക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങള്‍.
പുനരുൽപ്പാദിപ്പിക്കാവുന്ന ഊര്‍ജ മേഖലകളുടെ വിപുലീകരണം, നിയന്ത്രണം, ഏകീകരണം, ഊർജ്ജ കാര്യക്ഷമത, തുടങ്ങിയവയുമായി ബന്ധപ്പെട്ട ആശയവിനിമയങ്ങള്‍ ഇരു രാജ്യങ്ങള്‍ക്കും പ്രയോജനം ചെയ്യും, ഊര്‍ജ മേഖലയിലെ സഹകരണത്തിന്റ വിവിധ വശങ്ങള്‍ ഉള്‍പ്പെടുത്തി ഇരുരാജ്യങ്ങളും റോഡ് മാപ്പ് തയ്യാറാക്കും. ഇതിനായി രണ്ട് വര്‍ക്കിങ് ഗ്രൂപ്പുകള്‍ രൂപീകരിക്കും, ജര്‍മനിക്ക് 2024 ഓടെ ദ്രവീകൃത പ്രകൃതി വാതകം നല്‍കാനാകുമെന്ന് ഖത്തര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.