കാരുണ്യം പെയ്തിറങ്ങി ഖത്തര്‍ ചാരിറ്റിയുടെ 27ാം രാവ് ചലഞ്ച്
മൂന്ന് മണിക്കൂര്‍ കൊണ്ട് 220 മില്യണ്‍ ഖത്തര്‍ റിയാല്‍, ഏതാണ്ട് 516 കോടിയോളം രൂപയാണ് സമാഹരിച്ചത്.


ദോഹ: ഗസ്സയിലെയും സിറിയയിലെയും നിരാലംബരായ മനുഷ്യരിലേക്ക് സഹായമെത്തിക്കുന്നതിനാണ് ഖത്തര്‍ ചാരിറ്റി 27ാം രാവ് ചലഞ്ച് സംഘടിപ്പിച്ചത്. ഖത്തര്‍ റെഡ്ക്രസന്റുമായി ചേര്‍ന്നായിരുന്നു പരിപാടി. സിറിയയില്‍ പുനരധിവാസ കേന്ദ്രം സ്ഥാപിക്കുന്നതിന് മുന്‍ഗണന നല്‍കി 40 മില്യണ്‍ ഖത്തര്‍ റിയാലായിരുന്നു ഉന്നം. എന്നാല്‍ സ്വദേശികളും പ്രവാസികളുമെല്ലാം സഹായിച്ചപ്പോള്‍ ലക്ഷ്യമിട്ടതിന്റെ അഞ്ചിരട്ടി തുക സമാഹരിക്കാനായി. ചെറിയ തുകകകള്‍ മുതല്‍ ദശലക്ഷങ്ങളും കോടികളും വരെ 27ാം രാവ് ചലഞ്ചിലേക്ക് ഒഴുകി. പേര് വെളിപ്പെടുത്താത്ത നിസ്വാര്‍ത്ഥനായ ഒരാള്‍ നല്‍കിയത് 70 കോടിയോളം രൂപ, 45 കോടി രൂപയും 23 കോടി രൂപയുമൊക്കെ സഹായമായി വ്യക്തികള്‍ തന്നെ നല്‍കി. ഗസ്സയിലേക്ക് അടിസ്ഥാന സൗകര്യങ്ങളും മാനുഷിക സൗകര്യങ്ങളും എത്തിക്കുന്നതും സിറിയയിലെ പുനരധിവാസത്തിനുമാണ് ഈ തുക ചെലവഴിക്കുന്നത്. 1500 പാര്‍പ്പിട കേന്ദ്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രൊജക്ടാണ് സിറിയയില്‍ നടപ്പാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഖത്തര്‍ ചാരിറ്റി നടത്തിയ 27ാം രാവ് ചലഞ്ചില്‍ 110 കോടി രൂപയോളം സമാഹരിച്ചിരുന്നു.