ഭക്ഷ്യദുരന്തങ്ങളും രോഗസാധ്യതകളും തടയാൻ കർമപദ്ധതിയുമായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം
അടുത്ത അഞ്ച് വർഷത്തേക്കുള്ള കർമപദ്ധതിയാണ് ആവിഷ്‌കരിച്ചത്


ദോഹ: ഭക്ഷ്യദുരന്തങ്ങളും രോഗസാധ്യതകളും തടയാൻ കർമപദ്ധതിയുമായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. അടുത്ത അഞ്ച് വർഷത്തേക്കുള്ള കർമപദ്ധതിയാണ് ആവിഷ്‌കരിച്ചത്. ലോകാരോഗ്യ സംഘടനയുടെ ഭക്ഷ്യസുരക്ഷാ നയത്തിന് അനുസൃതമായി ഭക്ഷ്യദുരന്തങ്ങൾ തടയുകയും നിരീക്ഷിക്കുകയുമാണ് ലക്ഷ്യം.
വിപണികൾ, അറവു കേന്ദ്രങ്ങൾ, മാർക്കറ്റുകൾ, ഭക്ഷ്യ നിർമാണ-വിൽപന കേന്ദ്രങ്ങൾ എന്നിവടങ്ങളിലെ കാര്യക്ഷമമായ പരിശോധനകളിലൂടെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കും. 2023-2024 കാലയളവിൽ ശേഖരിച്ച 30,000ലധികം സാമ്പിളുകളിൽ നിന്നുള്ള വിവരങ്ങളും നാല് ലക്ഷത്തോളം പരിശോധനാ ഫലങ്ങളും ഭക്ഷ്യസുരക്ഷാ വകുപ്പ് വിലയിരുത്തും. ഇറക്കുമതി ചെയ്തതും പ്രാദേശികമായി ഉൽപാദിപ്പിച്ചതുമായ പച്ചക്കറികളിലും പഴങ്ങളിലും കീടനാശിനി അവശിഷ്ടങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് തയ്യാറാക്കലും പദ്ധതിയിലുൾപ്പെടുത്തിയിട്ടുണ്ട്.
മുനിസിപ്പാലിറ്റി മന്ത്രാലയവുമായി സഹകരിച്ച് അറവുമാടുകളിൽ വെറ്ററിനെറി മരുന്നുകളുടെ സാന്നിദ്ധ്യം നിരീക്ഷിക്കുന്നതിനുള്ള പദ്ധതിയും ഭക്ഷ്യസുരക്ഷ വകുപ്പ് വികസിപ്പിച്ചിട്ടുണ്ട്. ഉംസലാൽ, അൽഖോർ, വക്റ സെൻട്രൽ മാർക്കറ്റ് എന്നിവിടങ്ങളിലെ അറവുശാലകൾ ലക്ഷ്യമിട്ട് മൂന്ന് മാസക്കാലയളവിലേക്കായി ഡിസംബർ ഒന്നിന് ആരംഭിച്ച സർവേ പുരോഗമിക്കുകയാണ്.