ഫിഫ അറബ് കപ്പ് ഫുട്‌ബോൾ ഡിസംബർ ഒന്ന് മുതൽ ഖത്തറിൽ
ഖത്തർ ദേശീയദിനമായ ഡിസംബർ 18 നാണ് കലാശപ്പോരാട്ടം
ദോഹ: അറേബ്യൻ ഫുട്‌ബോളിലെ രാജാക്കന്മാരെ കണ്ടെത്താനുള്ള പോരാട്ടത്തിന് അങ്കം കുറിച്ച് ഖത്തർ. ഫിഫ അറബ് കപ്പ് ഫുട്‌ബോൾ ഡിസംബർ ഒന്ന് മുതൽ രാജ്യത്ത് നടക്കും. ഖത്തർ ദേശീയദിനമായ ഡിസംബർ 18 നാണ് കലാശപ്പോരാട്ടം. ഇത് രണ്ടാം തവണയാണ് ഫിഫ അറബ് കപ്പിന് ഖത്തർ വേദിയാകുന്നത്. ലോകകപ്പ് ഫുട്‌ബോൾ മത്സരങ്ങൾ നടന്ന സ്റ്റേഡിയങ്ങളിലാകും മത്സരം.
ലോകകപ്പിന് മുന്നോടിയായി ഖത്തറിന്റെ തയ്യാറെടുപ്പുകൾ പരീക്ഷിക്കുന്നതിനായാണ് 2021 നവംബർ-ഡിസംബറിലായി അറബ് കപ്പ് മത്സരങ്ങൾ നടന്നത്. ഇതിന്റെ തുടർച്ചയായി അടുത്ത മൂന്ന് പതിപ്പിനും ഖത്തറിനെ തന്നെ വേദിയായി തെരഞ്ഞെടുക്കുകയായിരുന്നു. 2025, 2029, 2033 ടൂർണമെന്റ് വേദിയായാണ് ഖത്തറിനെ പ്രഖ്യാപിച്ചത്. നവംബറിലാണ് അണ്ടർ 17 ലോകകപ്പ് ഖത്തറിൽ നടക്കുന്നത്. നവംബർ, ഡിസംബർ മാസങ്ങൾ ഖത്തറിൽ ഫുട്‌ബോൾ ആഘോഷങ്ങൾ സജീവമാകും.