ദോഹ മാരത്തൺ: മത്സര വേദിയായ കോർണിഷിൽ ഗതാഗത നിയന്ത്രണം
നാളെ രാത്രി 10 മുതൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിവരെയാണ് കോർണിഷിൽ പൂർണ ഗതാഗത നിരോധനം
ദോഹ മാരത്തണിന്റെ ഭാഗമായി മത്സര വേദിയായ കോർണിഷിൽ ഗതാഗത നിയന്ത്രണം. നാളെ രാത്രി 10 മുതൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിവരെയാണ് കോർണിഷിൽ പൂർണ ഗതാഗത നിരോധനം ഏർപ്പെടുത്തുന്നത്. വെള്ളിയാഴ്ച രാവിലെ നടക്കുന്ന ദോഹ മാരത്തണിന്റെ വേദിയായ കോർണിഷിലും പരിസര പ്രദേശങ്ങളിലുമാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. അൽ ദഫ്‌ന, കോർണിഷ്, അൽ ബിദ, സൂഖ് വാഖിഫ്, മുശൈരിബ് തുടങ്ങിയ മേഖലകളിൽ ഗതാഗത നിയന്ത്രണമുണ്ടാവുമെന്ന് സംഘാടകർ അറിയിച്ചു.
മാരത്തൺ മത്സരങ്ങളുടെ തയ്യാറെടുപ്പിനും മത്സര നടത്തിപ്പിനും വേണ്ടിയാണ് വാഹന ഗതാഗതത്തിന് 17 മണിക്കൂർ നിയന്ത്രണം ഏർപ്പെടുത്തുന്നത്. വെള്ളിയാഴ്ച രാവിലെ നടക്കുന്ന മാരത്തണിൽ 150ലേറെ രാജ്യങ്ങളിൽ നിന്നായി 15,000ത്തോളം കായിക താരങ്ങൾ മാറ്റുരയ്ക്കും. യാത്രക്കാർ മാരത്തൺ മത്സരവേദി ഒഴിവാക്കി ബദൽ പാതകൾ ഉപയോഗിക്കണമെന്ന് അധികൃതർ നിർദേശിച്ചു.