സിറിയയിലേക്ക് വീണ്ടും സഹായമെത്തിച്ച് ഖത്തര്‍; 37 ടണ്‍ ഭക്ഷ്യവസ്തുക്കളാണ് ഡമസ്‌കസിലെത്തിച്ചത്
ദോഹ: സിറിയയിലേക്ക് വീണ്ടും സഹായമെത്തിച്ച്ഖത്തർ. 37 ടൺ ഭക്ഷ്യവസ്തുക്കളുമായാണ് ഖത്തർ സായുധ സേനാ വിമാനം ഡമസ്‌കസിലെത്തിയത്. ബശ്ശാറുൽ അസദ് സ്ഥാന ഭ്രഷ്ഠനാക്കപ്പെട്ടതിന് പിന്നാലെ ഖത്തർ പ്രഖ്യാപിച്ച എയർ ബ്രിഡ്ജിന്റെ ഭാഗമായാണ് സിറിയയിലേക്ക് സഹായമെത്തിക്കുന്നത്. ഖത്തർ ഫണ്ട് ഫോർ ഡെവലപ്‌മെന്റിന്റെ 37 ടൺ ഭക്ഷ്യവസ്തുക്കളാണ് ഇത്തവണ തലസ്ഥാന നഗരമായ ഡമസ്‌കസിലെത്തിച്ചത്. ഭരണ മാറ്റത്തിന് പിന്നാലെ ദുരിതത്തിലായ സിറിയൻ ജനതയ്ക്ക് തുടക്കം മുതൽ തന്നെ ഖത്തർ സഹായം വാഗ്ദാനം ചെയ്തിരുന്നു.
ആദ്യ ഘട്ടത്തിൽ തുർക്കി വഴിയാണ് അവശ്യ വസ്തുക്കൾ എത്തിച്ചിരുന്നത്. പിന്നീട് ഡമസ്‌കസ് വഴി നേരിട്ട് സഹായമെത്തിക്കാൻ തുടങ്ങി. ഡമസ്‌കസിൽ സഹായവുമായി അഞ്ചാമത്തെ ഖത്തർ വിമാനമാണ് ഇപ്പോൾ എത്തിയത്. കഴിഞ്ഞ ദിവസം റിയാദിൽ നടന്ന യോഗത്തിൽ സിറിയക്ക് എല്ലാവിധ സഹായവും ഖത്തർ പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിരുന്നു