യമനില്‍ സൗദി-ഹൂതി വെടിനിര്‍ത്തലിന് നീക്കം

ഹൂതികൾക്കുമേലുള്ള ഉപരോധം നീക്കിയേക്കും

Update: 2021-06-23 20:06 GMT
Editor : Shaheer | By : Web Desk
Advertising

ഹൂതികളുടെ നിയന്ത്രണത്തിലുള്ള സ്ഥലങ്ങളിലെ ഉപരോധം അവസാനിപ്പിച്ചാൽ ചർച്ചക്ക് തയ്യാറെന്ന് ഹൂതി വിമതർ. ആവശ്യം സൗദി സഖ്യസേനയും യമൻ സർക്കാറും അംഗീകരിച്ചാൽ യമൻയുദ്ധം അവസാനിപ്പിക്കാനുള്ള വഴിതെളിയും. യുഎസിന്റെയും യുഎന്നിന്റെയും ഒമാന്റെയും നേതൃത്വത്തിലുള്ള ചർച്ചകൾക്കൊടുവിൽ ഇരുകൂട്ടരും കൂടിക്കാഴ്ചയ്ക്ക് തയ്യാറായേക്കും.

ഇതുവരെ നടന്ന യമൻ സമാധാന ചർച്ചകളിലൊന്നും ഹൂതികൾ നേരിട്ട് പങ്കെടുക്കാൻ തയ്യാറായിരുന്നില്ല. ഇറാൻ പിന്തുണയുള്ള ഹൂതികൾ തുടരെ സൗദിയിലേക്ക് ഡ്രോൺ ആക്രമണം നടത്തിയിരുന്നു. ഇതോടെ പലതവണയായി ചർച്ചക്കുള്ള സാഹചര്യം ഇല്ലാതായി. യമനിലെ ഔദ്യോഗിക സർക്കാറിനെ നിലനിർത്താൻ വേണ്ടിയാണ് സൗദി അറേബ്യ യമൻയുദ്ധത്തിന്റെ ഭാഗമായത്. നിലവിൽ യമനിലെ പ്രധാന തുറമുഖങ്ങളും തലസ്ഥാനമായിരുന്ന സൻആയും വിമാനത്താവളവും ഹൂതികളുടെ നിയന്ത്രണത്തിലാണ്. ചർച്ചക്കായി ഹൂതികൾ എത്തണമെങ്കിൽ ഈ പറഞ്ഞ ഇടങ്ങളിലെ ഉപരോധം സൗദി സഖ്യസേന അവസാനിപ്പിക്കേണ്ടി വരും.

ഒമാൻ ഭരണകൂടത്തിന്റെ പ്രതിനിധി സംഘം ഈ മാസം സൻആയിൽ എത്തിയിരുന്നു. യുഎൻ ദൂതൻ മാർട്ടിൻ ഗ്രിഫിത്തിന്റെ നിർദേശ പ്രകാരമായിരുന്നു അത്. ഇതിലാണ് ഇപ്പോഴുള്ള ധാരണയുണ്ടാക്കിയത്. എന്നാൽ സൗദി ഭരണകൂടം നിലപാട് വ്യക്തമാക്കിയിട്ടില്ല. ഹൂതികളുമായി മികച്ച ബന്ധമുള്ള ഇറാനും ഒമാനും ചില കാര്യങ്ങളിൽ ഉറപ്പുതന്നാൽ മാത്രമേ ഇത് സാധ്യമാകൂ എന്ന് സൗദി അറേബ്യയെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ സൗദി അറേബ്യ ഹൂതികളുമായി ചർച്ചക്ക് സന്നദ്ധമായാൽ യുദ്ധം അവസാനിക്കുന്ന ചരിത്ര നിമിഷത്തിലേക്കത് വഴിതുറക്കും.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News