സൗദിയിൽ വിനോദ പരിപാടികൾ പുനരാരംഭിക്കുന്നു
ടൂറിസം മന്ത്രാലയത്തിനുകീഴിൽ ഈ വർഷം അവസാനത്തിൽ മെഗാ പരിപാടി സംഘടിപ്പിക്കാനാണ് പദ്ധതി
സൗദിയിൽ കോവിഡിനുശേഷം വിനോദ പരിപാടികൾ പുനരാരംഭിക്കുന്നു. ടൂറിസം മന്ത്രാലയത്തിനുകീഴിൽ ഈ വർഷം അവസാന പാദത്തിൽ മെഗാ പരിപാടി സംഘടിപ്പിക്കാനാണ് പദ്ധതി. റിയാദ് സീസൺ എന്ന പേരിലാണ് പരിപാടികൾക്ക് വീണ്ടും തുടക്കം കുറിക്കുന്നത്.
കോവിഡിനെ തുടർന്ന് നിറുത്തിവച്ച വിനോദ പരിപാടികൾ വീണ്ടും ആരംഭിക്കുന്നതിനുള്ള ഒരുക്കത്തിലാണ് സൗദി അറേബ്യ. രാജ്യത്തുടനീളം നടത്തി വന്ന സീസൺ ഫെസ്റ്റിവെലുകൾക്ക് വീണ്ടും തുടക്കം കുറിക്കാനാണ് തീരുമാനം. ടൂറിസം മന്ത്രാലയത്തിനുകീഴിൽ ഈ വർഷം അവസാന പാദത്തിൽ റിയാദ് സീസൺ എന്ന പേരിലാണ് വീണ്ടും വിനോദ പരിപാടികൾ ആരംഭിക്കുക. ഇതിന്റെ മുന്നോടിയായി മന്ത്രാലയത്തിനുകീഴിൽ പ്രൊമോഷൻ കാംപിയിനിനു തുടക്കമായി.
'കൊഴിഞ്ഞുപോയ രണ്ട് വർഷങ്ങൾക്ക് ഞങ്ങൾ നിങ്ങൾക്ക് പകരം നൽകുന്നു' എന്ന തലക്കെട്ടിലാണ് കാംപയിൻ. റിയാദ് നഗരത്തിലും സമൂഹമാധ്യമങ്ങളിലുമാണ് കാംപയിൻ നടന്നുവരുന്നത്. ഒപ്പം 'ടൂ ഇയേഴ്‌സ് ഡോട്ട് എസ്.എ' എന്ന വെബ്സൈറ്റ് വഴിയും മന്ത്രാലയം പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ തേടുന്നുണ്ട്. വൈവിധ്യമാർന്ന വിനോദ, കലാ, സാംസ്‌കാരിക പരിപാടികൾ അടക്കമായിരിക്കും വരാനിരിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. നീണ്ട കോവിഡ് നിയന്ത്രണങ്ങൾക്കുശേഷം രാജ്യം സാധാരണനിലയിലേക്ക് നീങ്ങുന്നതിന്റെ സന്തോഷമാണ് വിനോദ പരിപാടികളുടെ തിരിച്ചുവരവെന്ന് പ്രദേശവാസികൾ പ്രതികരിച്ചു.