ഹറമൈൻ ട്രെയിൻ ഹജ്ജ് പദ്ധതി വിജയകരം; യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന
ഹജ്ജ് കാലത്ത് ഏഴര ലക്ഷം പേർ യാത്ര ചെയ്തു
റിയാദ്: ഹജ്ജ് കാലത്ത് ഹറമൈൻ അതിവേഗ ട്രെയിൻ ഉപയോഗിച്ചവരുടെ എണ്ണത്തിൽ വൻ വർധന. ഏഴര ലക്ഷം പേർ മക്കക്കും മദീനക്കുമിടയിൽ യാത്ര ചെയ്യാൻ ഹറമൈൻ ട്രെയിൻ സേവനം ഉപയോഗിച്ചു. ഹജജ് കാലത്ത് 3,627 സർവീസുകൾ നടത്തിയതായി ഹറമൈൻ റെയിൽവേ അറിയിച്ചു.
ഇക്കഴിഞ്ഞ ഹജ്ജ് കാലത്ത് മാത്രം ഏഴര ലക്ഷത്തോളം പേരാണ് മക്ക-മദീന അതിവേഗ ട്രെയിനിൽ യാത്ര ചെയ്തത്. കഴിഞ്ഞ വർഷത്തെ ഹജ്ജ് കാലത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ 96 ശതമാനം വർധനയുണ്ടായതായി സൗദി റെയിൽവേ കമ്പനി അറിയിച്ചു. ഹറമൈൻ റെയിൽവേയുടെ ഹജ്ജ് കാല പദ്ധതി വിജയകാരമായി പൂർത്തിയാക്കിയതിൻ്റെ പ്രഖ്യാപന വേളയിലാണ് റെയിൽവേ ഇക്കാര്യം വിശദീകരിച്ചത്. കഴിഞ്ഞ ഹജ്ജ് വേളയിൽ 3627 യാത്രകൾ ഹറമൈൻ റെയിൽവേ ഓപ്പറേറ്റ് ചെയ്തു. മുൻവർഷത്തെ അപേക്ഷിച്ച് 79 ശതമാനം വർധനയാണ് ഇത് വ്യക്തമാക്കുന്നത്.
അതിവേഗതയിലായിരുന്നു ഓരോ ട്രിപ്പുകളും. യാത്രക്കാരുടെ എണ്ണം വർധിച്ച് വരുന്നതായി മനസിലാക്കിയതോടെ തിരക്കേറിയ ദിവസങ്ങളിൽ പ്രതിദിനം 126 ട്രിപ്പുകൾ വരെ നടത്തി. ഹജ്ജ് തീർഥാടകർക്ക് യാത്രാ സൌകര്യം വർധിപ്പിക്കുന്നതിൻ്റെ ഭാഗമായി നേരത്തെ തന്നെ അതിക സർവീസുകൾ പ്രഖ്യാപിച്ചിരുന്നു. 227 അധിക ട്രിപ്പുകളെ കൂടാതെ 3,400 ട്രിപ്പുകളാണ് ഷെഡ്യൂൾ ചെയ്തിരുന്നത്.
98 ശതമാനവും കൃത്യമായ സമയക്രമം പാലിച്ചുകൊണ്ടായിരുന്നു സർവീസുകൾ. ദുൽഹജ്ജ് ഏഴിന് 131 സർവീസുകൾ നടത്തി. ഹറമൈൻ റെയിൽവേയുടെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ സർവീസ് നടത്തിയ ദിവസമായിരുന്നു അത്.