ഹാജിമാരുടെ മടക്കയാത്രക്കൊരുങ്ങി സൗദിയിലെ വിമാനത്താവളങ്ങൾ
തൊണ്ണൂറു രാജ്യങ്ങളിൽ നിന്നായി പതിനെട്ടു ലക്ഷത്തോളം ഹാജിമാരാണ് ഇത്തവണ ഹജ്ജിൽ പങ്കെടുത്തത്
മക്ക: ഹജ്ജ് കർമം പൂർത്തിയാകുന്നതിന് പിന്നാലെ സൗദിയിലെ എല്ലാ വിമാനത്താവളങ്ങളും യാത്രക്കാരുടെ മടക്കയാത്രക്കായി ഒരുങ്ങി. സൗദിയിലെ തുറമുഖങ്ങളിലും, കര മാർഗമുള്ള എമിഗ്രേഷൻ സ്റ്റേഷനുകളിലും സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.
തൊണ്ണൂറു രാജ്യങ്ങളിൽ നിന്നായി പതിനെട്ടു ലക്ഷത്തോളം ഹാജിമാരാണ് ഇത്തവണ ഹജ്ജിൽ പങ്കെടുത്തത്. ഇവരുടെ മടക്കയാത്രയ്ക്ക് വേണ്ട സൗകര്യങ്ങളെല്ലാം ഉറപ്പാക്കിയതായി പാസ്‌പോർട്ട് അഥവാ ജവാസാത് വിഭാഗം അറിയിച്ചു. സൗദിയിലെ മുഴുവൻ വിമാനത്താവളങ്ങളിലും ആവശ്യമായ സൗകര്യങ്ങൾ ഉറപ്പു വരുത്തിയിട്ടുണ്ട്. മദീന, ജിദ്ദ വിമാനത്താവളങ്ങൾ വഴിയാണ് ഏറ്റവും കൂടുതൽ യാത്രക്കാർ മടങ്ങിപ്പോവുക. ഈ വിമാനത്താവളങ്ങളിൽ കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഇതിന് പുറമെ റിയാദ്, ദമ്മാം ഉൾപ്പെടെയുള്ള സൗദിയിലെ പ്രധാനപ്പെട്ട വിമാനത്താവളങ്ങൾ വഴിയും യാത്രക്കാർ മടങ്ങിപ്പോവും. ഇവിടങ്ങളിലേക്ക് ഹാജിമാർക്ക് ബസ് മാർഗം വരാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഇറാഖ്, യു.എ.ഇ, ബഹ്റൈൻ, ഖത്തർ, കുവൈത്ത്, ഉൾപ്പെടെ ജി.സി.സി രാജ്യങ്ങളിലേക്ക് മടങ്ങിപ്പോകുന്നവർക്കും എമിഗ്രേഷൻ കൗണ്ടറുകളിൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയതായി ജവാസാത് വിഭാഗം അറിയിച്ചു. ഇന്ന് മുതൽ തന്നെ ഹാജിമാരുടെ മടക്കയാത്ര സൗദിയിൽ നിന്നും ആരംഭിച്ചിട്ടുണ്ട്. വരും ദിനങ്ങളിൽ യാത്രക്കാരുടെ എണ്ണം വർധിക്കും. ഇതിനനുസരിച്ച് യാത്ര സുഖകരമാക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചതായും സിവിൽ ഏവിയേഷൻ അതോറിറ്റിയും അറിയിച്ചു.