റിയാദിലെ ഒലയ്യയിൽ പെയ്ഡ് പാർക്കിംഗ് പദ്ധതിക്കുള്ള കരാറിന് അംഗീകാരം
റിയാദ് മുനിസിപ്പാലിറ്റിയുടെ വികസന സമിതിയും നാഷണൽ പാർക്കിംഗ് കമ്പനിയും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്
റിയാദ്: റിയാദിലെ ഒലയ്യയിൽ പെയ്ഡ് പാർക്കിംഗ് പദ്ധതിക്കുള്ള കരാറിന് അംഗീകാരമായി. പദ്ധതി നടപ്പിലാവുന്നതോടെ ഗതാഗത കുരുക്കിനും, പാർക്കിങ് സ്ഥല പരിമിതിക്കും പരിഹാരമാകും. സ്വകാര്യ മേഖലയുടെ സഹകരണത്തോടെയാണ് സൗദിയിൽ പുതിയ പദ്ധതി നടപ്പിലാവുക. റിയാദിലെ പ്രധാന ഹൈവേയിലെ തിരക്ക് കുറക്കുകയാണ് ലക്ഷ്യം.
റിയാദ് മുനിസിപ്പാലിറ്റിയുടെ വികസന സമിതിയും നാഷണൽ പാർക്കിംഗ് കമ്പനിയും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. പാർക്കിംഗ് ഇടങ്ങൾ കണ്ടെത്താനുള്ള പ്രയാസം, ഗതാഗത കുരുക്ക്, പരിസ്ഥിതി മലിനീകരണം എന്നിവക്ക് ഒരു പരിധി വരെ ഇതോടെ പരിഹാരമാകും. പൊതുഗതാഗത സംവിധാനങ്ങൾ എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയും വിധമായിരിക്കും പുതിയ പദ്ധതിയിലെ പരിഷ്‌കാരങ്ങൾ.
സ്വകാര്യ മേഖലയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാവുക. 1800 പുതിയ പാർക്കിംഗ് ഇടങ്ങൾ, വിവിധ പാർക്കിംഗ് ഫ്‌ലോറുകളുള്ള കെട്ടിടങ്ങൾ, ഓട്ടോമേറ്റഡ് പാർക്കിംഗ് സംവിധാനം, നൂതന സാങ്കേതിക വിദ്യകൾ നിയന്ത്രിക്കുന്ന പേയ്‌മെന്റ് സംവിധാനം, മലിനീകരണം കുറക്കാനുള്ള സംവിധാനങ്ങൾ എന്നിവ ഉൾപെടുത്തിയായിരിക്കും പുതിയ പദ്ധതി. സമയ നഷ്ടം ഒഴിവാക്കുക, സുഗമമായ യാത്രാ അവസരം നൽകുക, വ്യാപാര മേഖല വികസിപ്പിക്കുക എന്നിവയുടെ ഭാഗമായാണ് പദ്ധതി. പെയ്ഡ് പാർക്കിങിനുള്ള തുകയും ഉടൻ പ്രഖ്യാപിക്കും.