പക്ഷിപ്പനി: പോളണ്ടിൽ നിന്നുള്ള കോഴി ഇറക്കുമതി സൗദി നിർത്തിവെച്ചു
ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായുമായാണ് നിരോധനം
റിയാദ്: പോളണ്ടിൽ നിന്നുള്ള കോഴി ഇറക്കുമതി സൗദി നിർത്തിവെച്ചു. പോളണ്ടിൽ പക്ഷിപ്പനി പടരുന്ന സാഹചര്യത്തിലാണ് നടപടി. കോഴി, കോഴിഇറച്ചി, മുട്ട എന്നീ ഉത്പന്നങ്ങൾക്കാണ് പ്രധാനമായും നിരോധനം. പോളണ്ടിലെ പ്രവിശ്യകളായ മസോവിയകി, വാർമിൻസ്‌കോ മസോവിയകി എന്നിവിടങ്ങളിലാണ് പക്ഷി പനി പടരുന്നത്. പ്രോസസ്സ് ചെയ്ത മാംസമുൾപ്പെടെയുള്ള മുഴുവൻ കോഴി ഉത്പന്നങ്ങൾക്കും നിലവിൽ നിരോധനമുണ്ട്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെയും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെയും ഭാഗമായാണ് നിരോധനം.
സൗദി ചേമ്പേഴ്‌സ് ഫെഡറേഷന്റേതാണ് തീരുമാനം. മുഴുവൻ ഇറക്കു മതി വ്യവസായികൾക്കും ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം നൽകിയിട്ടുണ്ട്. പാസ്റ്ററൈസ്ഡ് മുട്ട, ഇറച്ചി, ചിക്കൻ നഗ്ഗറ്റ്‌സ്, ചിക്കൻ പാറ്റീസ് ചിക്കൻ ഫ്രൈസ്‌ടെണ്ടേഴ്സ്, സൂപ്പ് സ്റ്റോക്കുകൾ,കാൻ ചെയ്ത കോഴി ഉൽപ്പന്നങ്ങൾ, പാതി കുക്ക് ചെയ്ത കോഴി വിഭവങ്ങൾ, സോസേജുകൾ, ഡീഫ്രോസ്റ്റ് ചെയ്ത കോഴി വിഭവങ്ങൾ, മസാല പുരട്ടിയ കോഴി ഇറച്ചി എന്നിവയായിരുന്നു പ്രധാനമായും പോളണ്ടിൽ നിന്നും ഇറക്കുമതി ചെയ്തിരുന്നത്.