സൗദിയില്‍ അന്താരാഷ്ട്ര സൗകര്യങ്ങളോടെ ബസ് സര്‍വീസ്; നിയമഭേദഗതിക്ക് അംഗീകാരം
നിയമലംഘനം നടത്തുന്ന കമ്പനികള്‍ക്ക് അഞ്ഞൂറ് മുതല്‍ അയ്യായിരം റിയാല്‍ വരെ പിഴ ചുമത്തും
ദമ്മാം: സൗദിയിലെ ബസ് സര്‍വീസുകള്‍ അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് പദ്ധതി തയ്യാറായി. ഇതുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രാലയം കൊണ്ട് വന്ന നിയമഭേദഗതിക്ക് സൗദി മന്ത്രിസഭ അംഗീകാരം നല്‍കി. നിയമലംഘനം നടത്തുന്ന കമ്പനികള്‍ക്ക് അഞ്ഞൂറ് മുതല്‍ അയ്യായിരം റിയാല്‍ വരെ പിഴ ചുമത്തും. രാജ്യത്തേക്ക് സര്‍വീസ് നടത്തുന്ന രാജ്യന്തര കമ്പനികള്‍ക്കും നിയമം ബാധകമാകും.
രാജ്യത്തെ ബസ് സര്‍വീസ് മെച്ചപ്പെടുത്തുന്നതിനും വിപുലപ്പെടുത്തുന്നതിന്റെയും ഭാഗമയാണ് നിയമഭേദഗതി തയ്യാറാക്കിയത്. അന്താരാഷ്ട്ര നിലവാരത്തിലേക്ക് രാജ്യത്തെ ബസ് സര്‍വീസുകളെ ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് തയ്യാറാക്കിയ നിയമഭേദഗതിക്ക് സൗദി മന്ത്രി സഭ അംഗീകാരം നല്‍കി. നിയമം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും കടുത്ത പിഴയുള്‍പ്പെടെയുള്ള ശിക്ഷ നടപടികള്‍ വിഭാവനം ചെയ്യുന്നതാണ് പുതിയ നിയമം.
ലൈസന്‍സില്ലാതെ സര്‍വീസ് നടത്തല്‍, ലൈസന്‍സ് ചട്ടങ്ങളില്‍ വീഴ്ച വരുത്തല്‍, ചട്ടം പാലിക്കാത്ത ബസുകള്‍ ഉപയോഗിക്കല്‍, ഉടമസ്ഥരില്ലാതെ ലഗേജുകള്‍ മാത്രം കൊണ്ടു പോകല്‍, കമ്പനിയുടെ ഭരണ നിയമ മാറ്റങ്ങള്‍ അറിയിക്കാതിരിക്കല്‍, ലൈസന്‍സ് കിട്ടിയ നഗരത്തില്‍ സ്ഥാപന ആസ്ഥാനം ഇല്ലാതിരിക്കല്‍, വിദേശ ബസുകള്‍ സൗദി ആഭ്യന്തര സര്‍വീസ് നടത്തല്‍, മടക്ക യാത്രയില്‍ പെര്‍മിറ്റില്ലാത്ത നഗരത്തിലേക്ക് പോകല്‍, പെര്‍മിറ്റില്ലാതെ മൂന്നാമതൊരു രാജ്യത്തേക്ക് കടക്കല്‍, വിദേശ ബസ് കമ്പനിക്ക് സൗദിയില്‍ ഏജന്റില്ലാതിരിക്കല്‍, അന്താരാഷ്ട്ര കരാറുകള്‍ ലംഘിച്ചുള്ള സര്‍വീസ് നടത്തല്‍ എന്നിവക്ക് 5000 റിയാല്‍ പിഴ ലഭിക്കും.
കാര്‍ഡില്ലാതെ ഡ്രൈവറെ ജോലിക്ക് വെക്കല്‍, കരാറില്ലാതെ മറ്റൊരു കമ്പനിയുടെ സര്‍വീസിന് ബസ് ഉപയോഗിക്കല്‍ എന്നിവക്ക് 3000 റിയാലും, ബസിനകത്തെ പാസേജില്‍ ലഗേജുകള്‍ വെക്കുക, ബസിലെ വാണിങ് സിഗ്‌നല്‍ വന്ന ശേഷവും ബസ്സോടിക്കുക, ഇറങ്ങാനും കയറാനുമായി ബസ് പൂര്‍ണമായും നിര്‍ത്താതിരിക്കുക, യാത്രക്ക് മുമ്പും ശേഷവും ബസ്സിനകവും പുറവും പരിശോധിക്കാതിരിക്കുക, 400 കീ.മീ കൂടുതലുള്ള യാത്രയില്‍ രണ്ട് ഡ്രൈവര്‍മാര്‍ ഇല്ലാതിരിക്കുക എന്നിവക്ക് 2000 റിയാല്‍ വീതവും പിഴ ചുമത്തും.