സൗദി സിനിമാ മേഖലയ്ക്ക് 879 മില്യണ്‍ റിയാല്‍ ധനസഹായവുമായി സിഡിഎഫ്
റിയാദ്: സൗദി ചലച്ചിത്ര മേഖലയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും നിര്‍മാണം വര്‍ധിപ്പിക്കുന്നതിനുമായി കള്‍ച്ചറല്‍ ഡെവലപ്മെന്റ് ഫണ്ടി(സിഡിഎഫ്)ന്റെ കീഴില്‍ 'ഫിലിം സെക്ടര്‍ ഫിനാന്‍സിങ് പ്രോഗ്രാം' പ്രഖ്യാപിച്ചു. 879 മില്യണ്‍ റിയാലാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്.
സിഡിഎഫ് സിഇഒ മുഹമ്മദ് ബിന്‍ ദയേല്‍ തന്റെ ട്വിറ്ററിലൂടെയാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. സിനിമ സെക്ടര്‍ ഫിനാന്‍സിങ് പ്രോഗ്രാം രാജ്യത്തിന്റെ സിനിമാ മേഖലയില്‍ ഗുണപരമായ കുതിച്ചുചാട്ടത്തിനും മാറ്റത്തിനും കാരണമാകും. താല്‍പര്യവും കഴിവുകളുമുള്ളവര്‍ക്ക് ഇത് ഗുണകരമാകും. ഇതിലൂടെ പ്രാദേശിക സിനിമാ നിര്‍മ്മാതാക്കളെ പിന്തുണയ്ക്കാനും സാധിക്കുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
പ്രൊഡക്ഷന്‍, ഡിസ്ട്രിബ്യൂഷന്‍ കമ്പനികളെയും സിനിമാ വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്വകാര്യമേഖലാ സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടുള്ളതാണ് പ്രോഗ്രാമിന്റെ സാമ്പത്തിക പാക്കേജുകള്‍. ഇതിലൂടെ ഈ മേഖലയിലെ മത്സരക്ഷമത വര്‍ദ്ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അനുവദിച്ച ഫണ്ടിന്റെ അതിന്റെ 70% ഉള്ളടക്ക വികസനത്തിനും നിര്‍മ്മാണത്തിനും വിതരണത്തിനുമാണ് ഉപയോഗിക്കുക. 30% മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനു വേണ്ടിയും നീക്കിവയ്ക്കും. ഈ വര്‍ഷം തന്നെ ധനസഹായ അപേക്ഷയ്ക്കുള്ള നടപടികള്‍ മന്ത്രാലയം ആരംഭിക്കും.