പ്രാദേശിക ആസ്ഥാനമില്ലാത്ത കമ്പനികൾക്ക് കരാറില്ല; നിയമ ചട്ടങ്ങൾക്ക് സൗദി മന്ത്രിസഭ അംഗീകാരം നൽകി
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭയാണ് നിയമം അംഗീകരിച്ചത്.
റിയാദ്: പ്രാദേശിക ആസ്ഥാനം സൗദിയിലേക്ക് മാറ്റാത്ത കമ്പനികൾക്ക് സർക്കാർ കരാറുകൾ നൽകുന്നതിന് നിയന്ത്രണമേർപ്പെടുത്തുന്ന നിയമനടപടികൾക്ക് സൗദി മന്ത്രിസഭ അംഗീകാരം നൽകി. 2024 ജനുവരി മുതൽ നിയമം പ്രാബല്യത്തിലാകും. പ്രാദേശിക ആസ്ഥാനം സൗദിയിലേക്ക് മാറ്റാത്ത കമ്പനികൾക്ക് തുടുർന്ന് കരാറുകൾ ലഭിക്കണമെങ്കിൽ മന്ത്രിസഭ അംഗീകരിച്ച പുതിയ ചട്ടങ്ങൾ കൂടി പാലിക്കേണ്ടി വരും.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭയാണ് നിയമം അംഗീകരിച്ചത്. നിയമം 2024 ജനുവരി മുതൽ പ്രാബല്യത്തിൽ വരും. ആസ്ഥാനമില്ലാത്ത കമ്പനികൾക്ക് കരാർ ലഭ്യമാകണമെങ്കിൽ കടമ്പകൾ ഏറെ കടക്കേണ്ടി വരും. എന്നാൽ വമ്പൻ പദ്ധതികളിൽ പങ്കാളിത്തം തീരെ ലഭിക്കില്ല. ഇതിനകം ആസ്ഥാനം സൗദിയിലേക്ക് മാറ്റിയ കമ്പനികൾക്ക് നിരവധി ഇളവുകളും സർക്കാർ ലഭ്യമാക്കിയിട്ടുണ്ട്. 30 വർഷത്തേക്ക് കോർപ്പറേറ്റ് നികുതി ഈടാക്കുന്നതിൽ നിന്നും ഇത്തരം കമ്പനികളെ ഒഴിവാക്കും. ഇരുന്നൂറിലധികം കമ്പനികളാണ് ഇതുവരെയായി പ്രാദേശിക ആസ്ഥാനം സൗദിയിലേക്ക് മാറ്റിയത്. ജി.സി.സി രാഷ്ട്രങ്ങളിൽ നിന്നാണ് കമ്പനികളിൽ ഭൂരിഭാഗവും പ്രാദേശിക ആസ്ഥാനം സൗദിയിലേക്ക് മാറ്റിയത്.