കോവിഡ്; സൗദിയിൽ സ്‌കൂളുകളിൽ അസംബ്ലി നടത്തരുതെന്ന് നിർദ്ദേശം
സ്‌കൂളുകളിൽ വെച്ച് കുട്ടികൾക്ക് വാക്‌സിൻ നൽകുമെന്ന പ്രചരണം തെറ്റാണെന്നും, മാതാപിതാക്കൾ തവക്കൽനാ, സ്വിഹത്തി ആപ്ലിക്കേഷനിലൂടെ അപ്പോയിന്റ്‌മെന്റ് എടുത്താൽ മാത്രമേ വാക്‌സിൻ ലഭിക്കൂവെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കോവിഡ് വ്യാപനത്തിത്തിന്റെ പശ്ചാത്തലത്തിൽ സൗദിയിൽ സ്‌കൂളുകളിൽ അസംബ്ലി നടത്തരുതെന്ന് നിർദ്ദേശം. സ്‌കൂളിലും ബസ്സുകളിലും കൃത്യമായ കോവിഡ് പ്രോട്ടോകൾ പാലിക്കണം. അടുത്ത ആഴ്ച സ്‌കൂൾ തുറക്കാനിരിക്കെയാണ് ആരോഗ്യ വിഭാഗം പ്രത്യേക നിർദ്ദേശങ്ങൾ പുറത്തിറക്കിയത്. 12 വയസ്സിന് താഴെയുള്ള വിദ്യാർത്ഥികൾ വാക്‌സിനെടുക്കണമെന്ന് നിർബന്ധമില്ല.
ഈ മാസം 23 മുതൽ സൗദിയിലെ എല്ലാ സ്‌കൂളുകളിലും കെ.ജി തലം മുതൽ ആറാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് സാധാരണപോലെ ഓഫ്‌ലൈൻ ക്ലാസുകൾ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി കോവിഡ് വ്യാപനം തടയുന്നതിനായി വിഖായ സ്‌കൂളുകൾക്ക് പ്രത്യേക നിർദ്ദേശങ്ങൾ നൽകി. സ്‌കൂളിലെത്തുന്ന വിദ്യാർത്ഥികളെ നേരെ ക്ലാസ് മുറികളിലേക്കയക്കണം. ശ്വസന സംബന്ധമായ പ്രയാസങ്ങളുള്ള കുട്ടികളെ രാവിലെ തന്നെ പരിശോധിക്കണം. സ്‌കൂൾ മുറ്റങ്ങളിൽ ഇതിനായി പ്രത്യേക ക്രമീകരണങ്ങൾ നടത്തണം. സ്‌കൂൾ ബസുകളിൽ വെച്ച് കോവിഡ് പടരാൻ സാധ്യതയുള്ളതിനാൽ ബസ്സുകളിൽ സാനിറ്റൈസർ ഉൾപ്പെടെയുള്ള പ്രതിരോധനടപടികൾ ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട്.
ബസ്സിൽ സീറ്റുകൾക്കിടയിൽ ഒരു സീറ്റ് വീതം ഒഴിച്ചിടണം. അതേസമയം സ്‌കൂളുകളിൽ വെച്ച് കുട്ടികൾക്ക് വാക്‌സിൻ നൽകുമെന്ന പ്രചരണം തെറ്റാണെന്നും, മാതാപിതാക്കൾ തവക്കൽനാ, സ്വിഹത്തി ആപ്ലിക്കേഷനിലൂടെ അപ്പോയിന്റ്‌മെന്റ് എടുത്താൽ മാത്രമേ വാക്‌സിൻ ലഭിക്കൂവെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.