ശൈത്യകാലത്തെ നേരിടാൻ തൊഴിലാളികൾക്ക് ദമ്മാം ഒഐസിസി കോട്ടയം കമ്മിറ്റി സഹായമെത്തിച്ചു

Update: 2023-12-04 03:42 GMT
Advertising

മരുഭൂമിയിൽ അതികഠിനമാകുന്ന തണുപ്പിനെ പ്രതിരോധിക്കാൻ തൊഴിലാളികൾക്ക് ദമ്മാം ഒഐസിസി കോട്ടയം ജില്ലാ കമ്മിറ്റി സഹായമെത്തിച്ചു. കിലോമീറ്ററുകൾക്കപ്പുറം മരുഭൂമിയുടെ ഉൾപ്രദേശങ്ങളിൽ ആടുകളെയും , ഒട്ടകങ്ങളെയും മേയിച്ച് മസറകളിലും, ഷെഡ്ഡുകളിലും കഴിയുന്ന തൊഴിലാളികൾക്ക് കമ്പിളിവസ്ത്രങ്ങളും, പുതപ്പും,മറ്റു പ്രതിരോധവസ്തുക്കളും ജില്ലാ കമ്മിറ്റി വിതരണം ചെയ്തു.

വരുംദിനങ്ങളിൽ സൗദിയിൽ ശൈത്യം തീവ്രമാകുമെന്നിരിക്കെ , മരം കൊണ്ടുണ്ടാക്കിയ താൽക്കാലിക ഷെഡ്ഡുകളിലും, മസറകളിലും, കൃഷിയിടങ്ങളിലും കഴിയുന്ന മനുഷ്യജീവനുകൾക്ക് തണുപ്പിന്റെ കാഠിന്യം താങ്ങുക ദുസ്സഹമാകും. ഇത് മുന്നിൽ കണ്ടു കൊണ്ടാണ് മരുഭൂവിലെ തണുത്തുറയുന്ന ദിനങ്ങളെ പ്രതിരോധിക്കാൻ കമ്പിളിനിർമ്മിതമായ വസ്തുക്കളുമായി ജില്ലാ കമ്മിറ്റി മുന്നിട്ടിറങ്ങിയത്.

വളരെ പരിമിതമായ സൗകര്യങ്ങളോടെ, മരുഭൂമിയുടെ ഉൾപ്രദേശങ്ങളിൽ കഴിയുന്ന സഹജീവികളിൽ ഇത്രയും പേർക്കെങ്കിലും കനിവിന്റെ കരുതൽ നൽകാനായതിൽ കമ്മിറ്റിയംഗങ്ങൾ സന്തോഷം പങ്കുവെച്ചു. വരുംവർഷങ്ങളിലും കൂടുതൽ ആളുകളിലേക്ക് ഈ സഹായമെത്തിക്കാൻ ജില്ലാ കമ്മിറ്റി ശ്രദ്ധിക്കുമെന്ന് അവർ ഉറപ്പുപറഞ്ഞു.

ദമ്മാം ഒഐസിസി കോട്ടയം ജില്ലാ കമ്മിറ്റി പ്രസിഡന്റ് ബിനു പുരുഷോത്തമൻ, ജനറൽ സെക്രട്ടറി ജോസ്സൻ ജോർജ്ജ്, വൈസ് പ്രസിഡന്റുമാരായ ജോയ് തോമസ്, മാക്സ്മില്ല്യൻ, സെക്രട്ടറിമാരായ സജി വർഗീസ്,ഷാനവാസ്‌ ഖാൻ, റീജണൽ പ്രതിനിധി ഡോക്ടർ സിന്ധു ബിനു, നിർവ്വഹകസമിതിയംഗം മോൻസി മാത്യു എന്നിവരാണ് ഈ കാരുണ്ണ്യപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News