സൗദിയിൽ സിനിമാ തിയേറ്ററുകളുടെ ലൈസൻസ് ഫീസും ടിക്കറ്റ് ഫീസും കുറക്കാൻ തീരുമാനം

രാജ്യത്ത് ചലച്ചിത്ര സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് ഫിലിം കമ്മീഷൻ ഡയറക്ടർ ബോർഡ് അറിയിച്ചു.

Update: 2024-04-21 19:32 GMT
Editor : Thameem CP | By : Web Desk
Advertising

റിയാദ്: സൗദിയിൽ സിനിമാ തിയേറ്ററുകളുടെ ലൈസൻസ് ഫീസും ടിക്കറ്റ് ഫീസും കുറക്കാൻ തീരുമാനം.സിനിമാ പ്രേക്ഷകർക്ക് ഡിസ്‌കൌണ്ടും പ്രൊമോഷൻ ഓഫറുകളും നൽകും.രാജ്യത്ത് ചലച്ചിത്ര സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് ഫിലിം കമ്മീഷൻ ഡയറക്ടർ ബോർഡ് അറിയിച്ചു.

സിനിമ മേഖലയെ ഉത്തേജിപ്പിക്കുക, പ്രേക്ഷകരുടെ എണ്ണം വർധിപ്പിക്കുക, സൗദി സിനിമകളുടെ പ്രാതിനിധ്യം ഉയർത്തുക, സിനിമാ മേഖലയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പുതിയ തീരുമാനത്തിന് പിന്നിലെ പ്രധാന ലക്ഷ്യങ്ങൾ. സാംസ്‌കാരിക മന്ത്രി ബദ്ര് ബിൻ അബ്ദുല്ല ബിൻ ഫർഹാൻ രാജകുമാരൻ ചെയർമാനായ ഫിലിം കമ്മീഷൻ ഡയറക്ടർ ബോർഡിന്റേതാണ് തീരുമാനം. സ്ഥിരമായോ താൽക്കാലികമായോ സിനിമാ തിയേറ്ററുകൾ പ്രവർത്തിപ്പിക്കാനുള്ള ലൈസൻസ്, പ്രത്യേക ആവശ്യങ്ങൾക്കുള്ള തിയേറ്റർ ലൈസൻസ് എന്നിവക്കുള്ള ഫീസുകൾ കുത്തനെ കുറച്ചു. കൂടാതെ സിനിമാ ടിക്കറ്റ് നിരക്കുകൾ കുറക്കാനും സിനിമാ പ്രേക്ഷകർക്ക് പ്രൊമോഷൻ ഓഫറുകൾ നൽകാനും, ഫിലിം കമ്മീഷൻ തീരുമാനിച്ചിട്ടുണ്ട്. പ്രൊഡക്ഷൻ സ്റ്റുഡിയോകൾക്കുള്ള ലൈസൻസ്, സിനിമാ വിതരണ ലൈസൻസ്, സിനിമാ ചിത്രീകരണത്തിനുള്ള നോ-ഒബ്ജക്ഷൻ ലൈസൻസ് എന്നിവ കൾച്ചറൽ ലൈസൻസ് പ്ലാറ്റ്ഫോം വഴിയാണ് ഇനി മുതൽ നൽകുക. സിനിമാ പ്രേക്ഷകർക്ക് ഡിസ്‌കൗണ്ടും പ്രൊമോഷൻ ഓഫറുകളും വാഗ്ദാനം ചെയ്യാൻ സ്വകാര്യ മേഖലാ കമ്പനികളെ പ്രോത്സാഹിപ്പിക്കും. ഇതിലൂടെ സിനിമാ വ്യവസായത്തെ ഉത്തേജിപ്പിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഫിലിം അതോറിറ്റി സി.ഇ.ഒ എൻജിനീയർ അബ്ദുല്ല അൽഖഹ്താനി പറഞ്ഞു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News