ചൈനീസ് വാക്‌സിനുകൾ സ്വീകരിച്ചവർക്കും സൗദിയിൽ ക്വാറന്‍റൈനിൽ ഇളവ്
അതേസമയം ഇന്ത്യയിൽ നിന്ന് കോവാക്‌സിൻ സ്വീകരിച്ചവരുടെ കാര്യത്തിൽ ഇപ്പോഴും തീരുമാനമായിട്ടില്ല. ഇവർക്ക് ഇനി മറ്റേതെങ്കിലും വാക്‌സിനുകൾ സ്വീകരിക്കാമോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല.
ചൈനീസ് വാക്‌സിനുകൾ സ്വീകരിച്ചവർക്ക് സൗദിയിൽ ക്വാറന്‍റൈനിൽ ഇളവനുവദിച്ചു. സിനോഫാം, സിനോവാക് എന്നീ വാക്‌സിനുകൾ സ്വീകരിച്ചവർക്കാണ് ഇളവ് ലഭിക്കുക. ഇവർ സൗദിയിൽ അംഗീകാരമുള്ള ഏതെങ്കിലും വാക്‌സിൻ ബൂസ്റ്റർ ഡോസായി സ്വീകരിക്കണമെന്ന് വ്യവസ്ഥയുണ്ട്.
സിനോഫാം, സിനോവാക് എന്നീ ചൈനീസ് കോവിഡ് വാക്‌സിനുകളുടെ രണ്ട് ഡോസിനോട് കൂടെ സൗദിയിൽ അംഗീകാരമുള്ള ഏതെങ്കിലും വാക്‌സിനുകൾ ബൂസ്റ്റർ ഡോസായി സ്വീകരിച്ചവർക്ക് സൗദിയിലെത്തിയാൽ ഇനി മുതൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്‍റൈൻ നിർബന്ധമില്ല.ഇവർക്ക് കിംഗ് ഫഹദ് കോസ് വേ വഴി സൗദിയിലേക്ക് പ്രവേശിക്കാനും അനുമതിയുണ്ട്.
കൂടാതെ ഫൈസർ ബയോൺടെക്, ഓക്‌സ് ഫോർഡ് ആസ്ട്രസെനെക്ക, മൊഡേണ, ജോൺസൺ ആന്റ് ജോൺസൺ എന്നീ വാക്‌സിനുകളിൽ ഏതെങ്കിലും ഒന്നിന്‍റെ ഒരു ഡോസ് സ്വീകരിച്ച് 14 ദിവസം പിന്നിട്ടവർക്കാണ് ഇളവ് ലഭിക്കും. വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകൾ വാക്‌സിൻ സ്വീകരിച്ച രാജ്യത്തെ ആരോഗ്യ വിഭാഗം അറ്റസ്റ്റ് ചെയ്തിരിക്കണമെന്നും, യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂർ മുമ്പ് വിവരങ്ങൾ മുഖീം പോർട്ടലിൽ രജിസിറ്റർ ചെയ്യണമെന്നും നിർദേശമുണ്ട്.
കൂടാതെ സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ കോപ്പി യാത്രക്കാർ കൈവശം കരുതേണ്ടതാണ്. പുതിയ തീരുമാനം നിരവധി വിദേശികൾക്ക് ഏറെ ആശ്വാസകരമാണ്. അതേസമയം ഇന്ത്യയിൽ നിന്ന് കോവാക്‌സിൻ സ്വീകരിച്ചവരുടെ കാര്യത്തിൽ ഇപ്പോഴും തീരുമാനമായിട്ടില്ല. ഇവർക്ക് ഇനി മറ്റേതെങ്കിലും വാക്‌സിനുകൾ സ്വീകരിക്കാമോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. മലയാളികളുൾപ്പെടെ നിരവധി പേരാണ് ഇന്ത്യയിൽ നിന്ന് കോവാക്‌സിൻ സ്വീകരിച്ച് പ്രതിസന്ധിയിലായിരിക്കുന്നത്.