മക്കയിലേക്കുള്ള പ്രവേശനത്തിന് കടുത്ത നിയന്ത്രണം
ദുൽഹജ്ജ് 15 വരെ ഒരു മാസത്തേക്കാണ് നിയന്ത്രണം
മക്ക: മക്കയിലേക്കുള്ള പ്രവേശനത്തിന് കഴിഞ്ഞ ദിവസം മുതൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. ഉംറ പെർമിറ്റ് എടുത്ത് മക്കയിലേക്ക് പോയ നിരവധി പേരെ ചെക്ക് പോയിന്റുകളിൽ നിന്ന് തിരിച്ചയച്ചു. സന്ദർശന വിസയിലുള്ളവർ മക്കയിലേക്ക് പ്രവേശിക്കാനോ മക്കയിൽ തങ്ങാനോ പാടില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇന്നലെ മുതൽ ദുൽഹജ്ജ് 15 വരെ ഒരു മാസത്തേക്കാണ് നിയന്ത്രണം.
മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്ഥമായി മക്കയിലേക്ക് പ്രവേശിക്കുന്നതിന് കടുത്ത നിയന്ത്രണമാണ ഇത്തവണ ഏർപ്പെടുത്തിയിട്ടുള്ളത്. നുസുക് ആപ്പ് വഴിയുള്ള ഉംറ പെർമിറ്റുകളുടെ വിതരണം കഴിഞ്ഞ ദിവസം മുതൽ നിർത്തിവെച്ചു. സന്ദർശന വിസയിലുള്ളവരും ദുൽഹജ്ജ് 15 വരെ മക്കയിലേക്ക് പ്രവേശിക്കാനോ അവിടെ തങ്ങാനോ പാടില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മക്ക ഇഖാമയോ, മക്കയിലേക്ക് പ്രവേശിക്കാനുള്ള പ്രത്യേക പെർമിറ്റോ ഇല്ലാത്ത പ്രവാസികളും ഈ കാലയളവിൽ മക്കയിലേക്ക് പ്രവേശിക്കാൻ പാടില്ല.
ഇത്തവണ ശക്തമായ പരിശോധനയാണ് മക്കക്ക് അകത്തും മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളിലും. നേരത്തെ എടുത്ത ഉംറ പെർമിറ്റുമായി മക്കയിലേക്ക് പോയ നിരവധി പേരെ കഴിഞ്ഞ ദിവസം ചെക്ക് പോയിന്റുകളിൽ നിന്ന് മടക്കി അയച്ചു. മക്കയിലെത്തുന്ന ഹാജിമാരുടെ എണ്ണം വർധിച്ചതോടെയാണ് ഉംറ തീർഥാടകർക്കുള്ള പ്രവേശനം നിർത്തിവെച്ചത്. ഇനിയുള്ള ഒരു മാസക്കാലം ഹജ്ജ് തീർത്ഥാടകർക്ക് മാത്രമാണ് ഉംറ ചെയ്യാൻ അനുമതി. ഉംറ വിസയിലെത്തിയവർ ജൂണ് ആറിന് മുമ്പ് സൗദി വിട്ട് പോകണമെന്ന് നേരത്തെ മന്ത്രാലയം അറിയിച്ചിരുന്നു. എന്നാൽ കാലാവസ്ഥ വ്യതിയാനം മൂലവും മറ്റും വിമാന സർവീസുകൾ പതിവായി അവതളാവത്തിലാകുന്നതിനാൽ അവസാന സമയം വരെ കാത്തിരിക്കാതെ ഉംറ വിസക്കാർ നേരത്തെ തന്നെ നാട്ടിലേക്ക് മടങ്ങുന്നതാണ് നല്ലതെന്ന് സാമൂഹിക പ്രവർത്തകർ ഓർമിപ്പിച്ചു.