ഹൃദയാഘാതം: തൃശൂർ സ്വദേശി ദമ്മാമിൽ മരിച്ചു
കൊടകര മൂന്നുമുറി സ്വദേശി മുല്ലപ്പള്ളി അപ്പൻ മേനോൻ ആണ് മരണപ്പെട്ടത്


ദമ്മാം: പ്രവാസി മലയാളി ദമ്മാമിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തൃശ്ശൂർ കൊടകര മൂന്നുമുറി സ്വദേശി മുല്ലപ്പള്ളി അപ്പൻ മേനോൻ (52) ആണ് സൗദിയിലെ ദമ്മാമിൽ മരിച്ചത്. രാവിലെ താമസ സ്ഥലത്ത് വെച്ച് കുഴഞ്ഞു വീണ ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിലെത്തിച്ച് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. എന്നാൽ വൈകാതെ മരണം സ്ഥിരീകരിക്കുകയായിരുന്നു. മുപ്പത് വർഷമായി ദമ്മാമിൽ വ്യവസായ രംഗത്ത് പ്രവർത്തിച്ചു വരികയായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി ചൈനയിലായിരുന്ന മുല്ലപ്പള്ളി അപ്പൻ രണ്ട് ദിവസം മുമ്പാണ് ദമ്മാമിൽ തിരിച്ചെത്തിയത്. സാമൂഹ്യ ജീവകാരുണ്യ രംഗത്തും സജീവമായിരുന്നു. നിതാഖാത്ത്, കോവിഡ് കാലങ്ങളിൽ നിരവധി പ്രവാസികൾക്ക് നാടണയാൻ ഇദ്ദേഹം വഴിയൊരുക്കിയിരുന്നു. മൃതദേഹം ദമ്മാം സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ വിജയശ്രി. കൃഷ്ണനുണ്ണി, മാധവനുണ്ണി, കേശവനുണ്ണി എന്നിവർ മക്കളാണ്.